പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ, ട്രെയിനിന് നൽകിയ സ്വീകരണവും ഇരുവിഭാഗങ്ങൾ തമ്മിലുള്ള മത്സരവേദിയായി മാറി.
സ്റ്റോപ് യാഥാർത്ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിക്കൊണ്ട് കോൺഗ്രസും ബിജെപിയും വെവ്വേറെ സ്വീകരണ പരിപാടികളാണ് സംഘടിപ്പിച്ചത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിൻ ആദ്യമായി ഒറ്റപ്പാലത്ത് എത്തിയപ്പോഴായിരുന്നു ഇരുപാർട്ടികളുടെയും നേതൃത്വത്തിൽ സ്വീകരണ പരിപാടികൾ അരങ്ങേറിയത്.
കോൺഗ്രസ് പ്രവർത്തകർ വി.കെ.ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിലും, ബിജെപി പ്രവർത്തകർ വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലിന്റെ നേതൃത്വത്തിലുമാണ് സ്റ്റേഷനിലെത്തിയത്. നിശ്ചിത സമയത്ത് പ്ലാറ്റ്ഫോമിലെത്തിയ ട്രെയിനിനെ സ്വീകരിക്കാൻ പ്രവർത്തകർ തമ്മിൽ ശക്തമായ മത്സരമാണ് ഉണ്ടായത്.
ഇരുവിഭാഗം നേതാക്കളും ലോക്കോ ക്യാബിനിൽ കയറി ലോക്കോ പൈലറ്റിനെ ആദരിക്കുകയും മധുരം നൽകുകയും ചെയ്തു. ഇതിനിടയിൽ ട്രെയിനിന് സമീപം വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. എറണാകുളം–ബെംഗളൂരു, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസുകൾക്ക് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയെ രേഖാമൂലം അറിയിച്ച വിവരം നേരത്തെ തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഈ വിവാദങ്ങളുടെ തുടർച്ചയായാണ് സ്റ്റേഷനിലും പ്രതിഷേധവും ആഹ്ലാദ പ്രകടനങ്ങളും അരങ്ങേറിയത്. സ്വീകരണച്ചടങ്ങിന് ശേഷം ഇരുനേതാക്കളും രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി.
തീരുമാനത്തെ രാഷ്ട്രീയവൽക്കരിച്ച റെയിൽവേ മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്നു വി.കെ.ശ്രീകണ്ഠൻ എംപി ആരോപിച്ചു. കഴിഞ്ഞ 7 വർഷത്തോളമായി എംപി എന്ന നിലയിൽ സ്റ്റോപ്പിനായി താൻ നിരന്തരം പ്രയത്നിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഒറ്റപ്പാലത്തു ബിജെപിക്ക് എംഎൽഎയും എംപിയും ഇല്ലെന്നറിഞ്ഞിട്ടും സ്റ്റോപ് അനുവദിച്ചത് ‘എല്ലായിടത്തും വികസനം’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നു ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലൻ പ്രതികരിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെയും മുൻ അധ്യക്ഷൻ പി.കെ.കൃഷ്ണദാസിന്റെയും ശ്രമഫലമായാണു സ്റ്റോപ് അനുവദിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത പൊലീസ് കാവലിൽ നടന്ന സ്വീകരണച്ചടങ്ങിനൊടുവിൽ ഇരുവിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

