മുതിർന്ന പൗരന്മാർ നേരിടുന്ന അവഗണനകളും അതിക്രമങ്ങളും തടയുന്നതിനും അവരുടെ ക്ഷേമം സുരക്ഷിതമാക്കുന്നതിനും സംസ്ഥാന വയോജന കമ്മിഷൻ പ്രത്യേക മുൻഗണന നൽകുന്നുണ്ടെന്ന് ചെയർപഴ്സൻ കെ.സോമപ്രസാദ്, അംഗം ലോപ്പസ് മാത്യു എന്നിവർ വ്യക്തമാക്കി. കോട്ടയം കലക്ടറേറ്റിൽ നടന്ന സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അവർ.
ആശയവിനിമയത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മുതിർന്നവർക്ക് ആവശ്യമായ ആരോഗ്യപരിപാലനവും സംരക്ഷണവും ലഭ്യമാക്കാനും കമ്മിഷൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച വാർത്തകളിൽ കമ്മിഷൻ സ്വമേധയാ ഇടപെടൽ നടത്താറുണ്ട്.
കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ നിയമനടപടികൾക്ക് പുറമെ, ഇരകൾക്ക് തുടർന്നുള്ള സംരക്ഷണവും ചികിത്സയും ഉറപ്പാക്കുന്നതിനാണ് കമ്മിഷൻ പ്രഥമ പരിഗണന നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വയോജനക്ഷേത്തിനായി മാറ്റിവെക്കുന്ന തുക അവരുടെ ആരോഗ്യസംരക്ഷണത്തിനും സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിനിയോഗിക്കണം.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തെ മെയിന്റനൻസ് ട്രൈബ്യൂണൽ അധ്യക്ഷന്മാരായ ആർ.ഡി.ഒമാരുമായി കമ്മിഷൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അംഗങ്ങൾ അറിയിച്ചു. കോട്ടയത്ത് നടന്ന ഹിയറിംഗിൽ രണ്ട് കേസുകൾ പരിഗണിക്കുകയും വ്യക്തികളുടെ 17 പരാതികളും വിവിധ വയോജന സംഘടനകളുടെ 6 പരാതികളും സ്വീകരിക്കുകയും ചെയ്തു.
സ്വത്ത് കൈമാറി; എന്നാൽ അവഗണന മാത്രം
പാലായിൽ നിന്നുള്ള ഒരു മാതാവിന്റെ പരാതി പരിഗണിച്ച കമ്മിഷൻ, വിഷയം ഉടൻ ആർ.ഡി.ഒയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിർദ്ദേശം നൽകി. മക്കൾ സംരക്ഷിക്കാത്തതിനെത്തുടർന്ന് മുമ്പ് ആർ.ഡി.ഒയെ സമീപിക്കുകയും ജീവനാംശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നേടുകയും ചെയ്തിരുന്നുവെങ്കിലും, ഉത്തരവ് നടപ്പിലാകാതെ വന്നതിനെത്തുടർന്നാണ് അവർ കമ്മിഷനെ സമീപിച്ചത്.
ജില്ലയിലെ മറ്റൊരു സംഭവത്തിൽ, തന്റെ കൈവശമുണ്ടായിരുന്ന 12 ലക്ഷം രൂപ മക്കൾക്കും പേരിമോളുടെ വിവാഹത്തിനുമായി നൽകിയ വയോധികൻ, സമ്പാദ്യം മുഴുവൻ കൈവിട്ടപ്പോൾ തന്നെ തിരിഞ്ഞുനോക്കാൻ ആരുമില്ലെന്ന പരാതിയുമായി കമ്മിഷന് മുന്നിലെത്തി. ഈ പരാതി കമ്മിഷൻ ഫയലിൽ സ്വീകരിച്ചു.
കൂടാതെ, ആകെ ഉണ്ടായിരുന്ന 86 സെന്റ് ഭൂമി വീടുവെക്കാൻ വായ്പയെടുത്തതുമൂലം നഷ്ടപ്പെട്ട് പെരുവഴിയിലായ മറ്റൊരു വയോധികനും ദുരിതങ്ങൾ പങ്കുവെച്ചെത്തി. രണ്ട് ആൺമക്കളും ഒരു മകളുമുള്ള ഇദ്ദേഹം, ആൺമക്കൾ ലഹരിക്കടിമപ്പെട്ടെന്നും തന്നെ നോക്കാൻ ആരുമില്ലെന്നും സങ്കടത്തോടെ അറിയിച്ചു.
പരാതികൾ സമർപ്പിക്കേണ്ട രീതി
വയോജനങ്ങൾക്കുള്ള പരാതികൾ തൈപാലോ ഇമെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.
വിലാസം: സംസ്ഥാന വയോജന കമ്മിഷൻ, ഹാൻടെക്സ് ബിൽഡിങ്, തിരുവനന്തപുരം– 695001.
ഫോൺ: 04812960100.
ഇമെയിൽ: [email protected]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

