ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം കളിത്തട്ട് ജംക്ഷനു സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നിന്നു താഴെ സർവീസ് റോഡിലേക്കു സ്വകാര്യ ബസ് നിയന്ത്രണംവിട്ടു തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പന്തളം മാന്തുക എമിനൻസ് വില്ലയിൽ ആദിൽ (25) ആണു മരിച്ചത്.
മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന സ്ലീപ്പർ ബസാണ് വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ മറിഞ്ഞത്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്ന ആദിൽ ജോലിയുമായി ബന്ധപ്പെട്ടു കണ്ണൂരിൽ പോയി മടങ്ങുകയായിരുന്നു.
ബസിലുണ്ടായിരുന്ന 14 പേർക്കു നിസ്സാര പരുക്കുകളേറ്റു. ഇവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അപകടമുണ്ടായ ഭാഗത്തു പ്രധാന പാതയിൽനിന്നു രണ്ടടിയോളം താഴെയാണു സർവീസ് റോഡ്. ഇവിടെ പാർശ്വഭിത്തി കെട്ടിയിട്ടില്ല.
ശരിയായ സിഗ്നൽ സംവിധാനവും വെളിച്ചവും ഇല്ലാത്തതിനാൽ മുൻപും ഇവിടെ അപകടം ഉണ്ടായിട്ടുണ്ട്. അപകടത്തിനു ശേഷം, ഉച്ചയോടെ ഇവിടെ അപായസൂചനയ്ക്കു റിബൺ കെട്ടുക മാത്രമാണു കരാറുകാർ ചെയ്തത്.
മരിച്ച ആദിൽ സജീവിന്റെ അമ്മ സമീറ. സഹോദരൻ ആമീൻ.
കളിത്തട്ട് ജംക്ഷനിലെ അപകടത്തിന്റെ കാര്യത്തിലും ദേശീയപാത അധികൃതർക്കും കരാറുകാർക്കും നിസ്സംഗത തന്നെ നിലപാട്. പലതവണ അപകടങ്ങളും മരണവും സംഭവിച്ചിട്ടും സുരക്ഷാസംവിധാനങ്ങളില്ല, മുന്നറിയിപ്പില്ല, രാത്രി വെളിച്ചവുമില്ല.
ആറു മാസം മുൻപു കെഎസ്ആർടിസി ബസ് ഇടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചത് ഈ പ്രദേശത്താണ്. അടുത്തിടെ കലവൂരിൽ കാർ നിയന്ത്രണംവിട്ടു മറിഞ്ഞു.
ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ പല സംഭവങ്ങളുണ്ടായി. പ്രതിഷേധ സമരങ്ങൾ തന്നെ നടന്നിട്ടും സുരക്ഷയൊരുക്കേണ്ടവർക്കു കുലുക്കമില്ല.
വ്യാഴം രാവിലെ 5 മണിയോടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചിട്ടും അപകടസൂചന നൽകുന്ന റിബൺ എങ്കിലും വലിച്ചുകെട്ടിയത് ഉച്ചയോടെയാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെയുള്ള ദേശീയപാത നിർമാണം ഇവിടെ മാത്രമല്ല മരണക്കെണിയൊരുക്കിയത്.
അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്തു 4 വർഷത്തിനുള്ളിൽ 42 പേരാണ് അപകടങ്ങളിൽ മരിച്ചത്. ഇവിടെ കൂറ്റൻ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിനുമേൽ വീണു പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത് ഈ വഴി സഞ്ചരിക്കുന്നവർക്കെല്ലാം ഞെട്ടലുണ്ടാക്കിയതാണ്.
അതിനു ശേഷവും അവിടെ കാര്യമായ സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്നു യാത്രികർ ആരോപിക്കുന്നു. ഗതാഗതനിയന്ത്രണം പോലുമില്ലാതെയാണു ഗർഡർ സ്ഥാപിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
നേരത്തെ ആലപ്പുഴ ബൈപ്പാസിലെ പണിക്കിടയിലും ഗർഡർ ഉയരത്തിൽ നിന്നു വീണിരുന്നു. കരുവാറ്റയിൽ കുത്തനെ ഇറക്കവും വളവുമുള്ള താൽക്കാലിക റോഡിലൂടെയെത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് എതിരെയെത്തിയ കാറിൽ ഇടിച്ചു സ്ത്രീ മരിച്ചത് അപകടമുന്നറിയിപ്പ് ഇല്ലാത്തതിനാലാണ്.
അപകടത്തിനു ശേഷമാണ് അവിടെ വീതികൂട്ടി ടാർ ചെയ്തത്. ഇതേസ്ഥലത്ത് കെഎസ്ആർടിസി ബസിടിച്ചു ബൈക്ക് യാത്രികനും മരിച്ചിരുന്നു.
കായംകുളം കെപിഎസി ജംക്ഷനു സമീപം ദേശീയപാത നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു ബൈക്ക് യാത്രികൻ മരിച്ചതു കഴിഞ്ഞ വർഷം ജൂണിൽ. ഇവിടെയും അപകട
മുന്നറിയിപ്പില്ലായിരുന്നു. കായംകുളം എരുവ സ്വദേശി ആരോമൽ ആണ് (27) മരിച്ചത്.
സർവീസ് റോഡിന്റെ ഒരുവശത്ത് എടുത്ത കുഴിയിൽ വീണായിരുന്നു അപകടം. വെള്ളം നിറഞ്ഞുകിടന്ന കുഴിയുടെ വശങ്ങളിൽ തലയിടിച്ചാണ് യുവാവ് വീണത്.
പുറക്കാട്ട് ബൈക്കിൽ ലോറി തട്ടി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചതു 2024 ഏപ്രിലിൽ. റോഡ് നിർമാണത്തിനു കൂട്ടിയിട്ട
കല്ലും മണ്ണും കാഴ്ച മറച്ചതാണ് അപകടകാരണം. ചേർത്തലയിൽ സർവീസ് റോഡിൽ ബൈക്ക് മറിഞ്ഞു ലോറിക്കടിയിൽപെട്ട് യുവാവ് മരിച്ചതും അനാസ്ഥയുടെ കെണിയാണ്.
കഞ്ഞിക്കുഴി, ചേർത്തല ഒറ്റപ്പുന്ന, വയലാർ, പട്ടണക്കാട് എന്നിവിടങ്ങളിലും സമാന കാരണങ്ങളാലാണ് ആളുകൾ ജീവൻ വെടിഞ്ഞത്. പാതിരപ്പള്ളിയിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ സ്ത്രീ മരിച്ചത് ബൈക്ക് ബസിനടിയിൽപെട്ടാണ്.
ട്രക്കിനടിയിൽപെട്ടു വിദ്യാർഥിനി മരിച്ചതും ഇതേ സ്ഥലത്താണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

