ഹേമന്തകാലത്തെ വരവേൽക്കാൻ ഒരുങ്ങി ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലകൾ. ഭൂമിയാംകുളം, മണിയാറൻകുടി പ്രദേശങ്ങളിലെ മലനിരകളിലാണ് ഇപ്പോൾ മഞ്ഞപ്പട്ടുടുത്ത പോലുള്ള മനോഹരമായ കാഴ്ച ഒരുങ്ങിയിരിക്കുന്നത്.
പ്രാദേശികമായി ‘മഞ്ഞക്കുറിഞ്ഞി’ എന്നറിയപ്പെടുന്ന നീർമുതിര ചെടികളാണ് ഇവിടങ്ങളിൽ വ്യാപകമായി പൂത്തുലഞ്ഞു നിൽക്കുന്നത്. കാലാവസ്ഥയിലുണ്ടായ പ്രത്യേക മാറ്റങ്ങളാകാം ഇത്തവണ ഈ ചെടികൾ ഇത്രയധികം പൂക്കാൻ കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
ഭൂമിയാംകുളം സ്റ്റേഡിയം പാറ, മണിയാറൻകുടി സെന്റ് മേരീസ് പള്ളിക്ക് സമീപമുള്ള മലമേടുകൾ, പാറമട പ്രദേശം എന്നിവിടങ്ങളാണ് സഞ്ചാരികൾക്ക് ദൃശ്യവിരുന്നായി മാറിയിരിക്കുന്നത്.
ഈ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കൊപ്പം തന്നെ വർണ്ണപ്പൂമ്പാറ്റകളും പൂമ്പൊടി തേടിയെത്തുന്ന ചെറുതേനീച്ചകളും വിവിധയിനം വണ്ടുകളും ഈ പ്രദേശങ്ങളെ സജീവമാക്കിയിട്ടുണ്ട്. എങ്കിലും, ഈ മനോഹര കാഴ്ചയ്ക്ക് മുന്നിൽ ആശങ്കയുടെ നിഴൽ വീഴ്ത്തി അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവും ഉണ്ട്.
പ്രദേശത്ത് ആനത്തൊട്ടാവാടി ഉൾപ്പെടെയുള്ള വിദേശ കളകളും അധിനിവേശ സസ്യങ്ങളും പടർന്നുപിടിക്കുന്നത് നീർമുതിരകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്. ചിലയിടങ്ങളിൽ നിന്നും ഈ ഔഷധസസ്യത്തിന്റെ സാന്നിധ്യം ഇതിനോടകം തന്നെ അപ്രത്യക്ഷമായിട്ടുണ്ട്.
മലനിരകളിലും പാറപ്പുറമ്പോക്കുകളിലും പ്രകൃതിയുടെ സ്വത്തായി വളരുന്ന നീർമുതിര ചെടികളെ സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രകൃതി നിരീക്ഷകരുടെ പ്രധാന ആവശ്യം. കേരള വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗവും കേരള വനഗവേഷണ സ്ഥാപനവും സസ്യശാസ്ത്ര ഗവേഷകരുടെ പിന്തുണയോടെ ഇതിനായി മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെയും പ്രകൃതിസ്നേഹികളുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

