കോഴിക്കോട് ജില്ലയിലെ കക്കോടി പാലത്തിനു സമീപമുള്ള ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ വിദ്യാർഥികളെ പ്രായപരിധി ചൂണ്ടിക്കാട്ടി ജീവനക്കാർ മടക്കി അയച്ചു. ഇന്നലെ രാവിലെയാണ് ഈ സംഭവം അരങ്ങേറിയത്.
ആദ്യം യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥികളോട് 23 വയസ്സ് പൂർത്തിയാകാത്തവർക്ക് മദ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജീവനക്കാർ തിരിച്ചയക്കുകയായിരുന്നു. എന്നാൽ ഇതിനുപിന്നാലെ വിദ്യാർഥികൾ വേഷം മാറി സാധാരണ വസ്ത്രത്തിലെത്തി വീണ്ടും മദ്യം ആവശ്യപ്പെടുകയായിരുന്നു.
ആദ്യം താഴത്തെ നിലയിലെ പ്രീമിയം കൗണ്ടറിലെത്തിയാണ് ഇവർ മദ്യം ആവശ്യപ്പെട്ടത്. എന്നാൽ പ്രായപരിധി വ്യവസ്ഥ ചൂണ്ടിക്കാട്ടി ജീവനക്കാർ അനുമതി നിഷേധിച്ചു.
തുടർന്ന് മുകളിലത്തെ നിലയിലെ കൗണ്ടറിലെത്തി മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വീണ്ടും തയാറായില്ല. ഇതോടെ വിദ്യാർഥികളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി.
ഈ തർക്കത്തിനിടയിൽ, താഴെ നിന്നിരുന്ന മറ്റു ചില വ്യക്തികളെ മദ്യം വാങ്ങി നൽകാനായി വിദ്യാർഥികൾ മുകളിലേക്ക് അയച്ചിരുന്നു. എന്നാൽ വിദ്യാർഥികൾ ആവശ്യപ്പെട്ട
അതേ ബ്രാൻഡ് തന്നെ ഇവർ ആവശ്യപ്പെട്ടതോടെ ജീവനക്കാർക്ക് സംശയതോന്നി. “നിങ്ങൾ വിദ്യാർഥികൾക്ക് വേണ്ടി മദ്യം വാങ്ങാൻ വന്നതാണോയെന്നു” ജീവനക്കാർ അവരോട് ചോദിച്ചു.
അങ്ങനെയെങ്കിൽ കേസ് വരുമെന്ന് മുന്നറിയിപ്പ് നൽകി ഇവരെയും ജീവനക്കാർ പിന്തിരിപ്പിച്ചു. ഇതോടെ പ്രകോപിതരായ വിദ്യാർഥികൾ വീണ്ടും കൗണ്ടറിലെത്തി ജീവനക്കാരുമായി വാക്തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

