സംസ്ഥാനത്ത് പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ചേർത്തലയിലെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്) കേന്ദ്രം നവംബറിലെ ആദ്യ ആഴ്ചയോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
മുൻപ് ഓണത്തോടനുബന്ധിച്ച് പ്ലാന്റ് തുറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്തതുമൂലം ഉദ്ഘാടനം വൈകുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എആർഎഐ) ഉന്നതതല സംഘം പ്ലാന്റിൽ നേരിട്ടെത്തി പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സജ്ജമാകുന്ന മറ്റു രണ്ട് കേന്ദ്രങ്ങളായ കണ്ണൂർ അഴീക്കലിലെ സിൽക് പ്ലാന്റും, മലപ്പുറം എടപ്പാളിലെ കെഎസ്ആർടിസി– സൗത്ത് ഇന്ത്യ മെറ്റൽ കോർപറേഷൻ (സിംകോ) കേന്ദ്രവും അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം വൈകിയെങ്കിലും ഈ മൂന്നു കേന്ദ്രങ്ങളിലേക്കും മാസങ്ങൾക്കുമുമ്പ് തന്നെ വാഹനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി ചേർത്തലയിലെ സിൽക് കേന്ദ്രത്തിൽ മാത്രം ഇതുവരെ 265 വാഹനങ്ങളാണ് പൊളിക്കാനായി എത്തിച്ചിട്ടുള്ളത്. ഇവിടെ ഒരു ദിവസം പരമാവധി 20 വാഹനങ്ങൾ വരെ സംസ്കരിക്കാൻ സാധിക്കും.
കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് റജിസ്റ്റേഡ് വെഹിക്കിൾ സ്ക്രാപിങ് ഫെസിലിറ്റി (ആർവിഎസ്എഫ്) കേന്ദ്രങ്ങൾ കേരളത്തിൽ നിലവിൽ വരുന്നത്. വാഹനങ്ങൾ ശേഖരിക്കുന്നതിനായി ഓരോ ജില്ലയിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ സിൽക് പദ്ധതിയിട്ടിരുന്നുവെങ്കിലും ഇവ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.
എന്നാൽ എടപ്പാളിലെ കെഎസ്ആർടിസി– സിംകോ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രത്യേക കലക്ഷൻ സെന്ററുകൾ ഇതിനോടകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ vscrap.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വാഹന ഉടമകൾ അപേക്ഷ സമർപ്പിക്കേണ്ടത്.
ആവശ്യമായ റജിസ്ട്രേഷൻ രേഖകളും നികുതി അടച്ചതിന്റെ സർട്ടിഫിക്കറ്റുകളും സഹിതം വാഹനം നേരിട്ട് പൊളിക്കൽ കേന്ദ്രത്തിൽ എത്തിക്കണം. വാഹനത്തിന്റെ ഭാരം കണക്കാക്കി നിശ്ചയിക്കപ്പെടുന്ന തുകയും സർട്ടിഫിക്കറ്റ് ഓഫ് ഡിപോസിറ്റും (സിഒഡി) ഉടമയ്ക്ക് കൈമാറുന്നതാണ്.
പുതിയ വാഹനം വാങ്ങുമ്പോൾ ഈ സിഒഡി ഉപയോഗിച്ച് റോഡ് നികുതിയിൽ 15 ശതമാനം ഇളവും റജിസ്ട്രേഷൻ ഫീസിൽ ഇളവും കരസ്ഥമാക്കാൻ സാധിക്കും. പ്ലാന്റിന്റെ ഉദ്ഘാടനം നടക്കാനിരിക്കുന്നതിനാൽ ചേർത്തല സിൽക് കേന്ദ്രത്തിൽ നിന്നും നിലവിൽ സിഒഡി നൽകുന്നില്ലെങ്കിലും വാഹനങ്ങൾ സ്വീകരിക്കുന്നുണ്ട്.
പ്ലാന്റ് പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിച്ച ശേഷം മാത്രമായിരിക്കും ഇനി സിഒഡി സർട്ടിഫിക്കറ്റുകൾ കൈമാറുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

