തിരുവനന്തപുരം വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വ്യോമസേന റിട്ടയേർഡ് ഉദ്യോഗസ്ഥൻ ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും, ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് നടക്കും. വാഹനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതാണോ അതോ കാറിനുള്ളിൽ മറ്റെന്തെങ്കിലും സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന കോണിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
കാറിനുള്ളിൽ പെട്രോളിന്റെ അംശം ഉള്ളതായി സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് വ്യക്തമാക്കിയിരുന്നു. തിങ്കൾ പുലർച്ചെ വെങ്ങാനൂർ ജംക്ഷനു സമീപത്തുണ്ടായ ദാരുണമായ അപകടത്തിൽ കോട്ടയം തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (63) ആണ് മരണമടഞ്ഞത്.
കാറിനകത്തു മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ സാംപിളുകൾ ഉടൻ തന്നെ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കും.
പരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നെങ്കിലും, ഷർട്ടും ചെരിപ്പും കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് ടൈറ്റസ് കുര്യൻ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
അപകടസമയത്ത് കാറിൽ അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്. ഫിലോമിനയാണ് ടൈറ്റസ് കുര്യന്റെ ഭാര്യ.
മകൻ: ഡോ. ഡെന്നിസ്.
കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഞായറാഴ്ച രാത്രി തെള്ളകത്തെ വീട്ടിൽ നിന്ന് ടൈറ്റസ് സ്വന്തം കാറിൽ പുറപ്പെട്ടതാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ കാർ പെട്ടെന്നു പിന്നോട്ട് നീങ്ങുന്നതും മുൻ ഭാഗത്ത് തീ പടരുന്നതും കണ്ട് നാട്ടുകാരും മറ്റ് യാത്രികരും ചേർന്ന് വെള്ളമൊഴിച്ച് തീ കെടുത്താനും ഗ്ലാസ് തകർത്ത് യാത്രക്കാരനെ രക്ഷിക്കാനും ശ്രമിച്ചിരുന്നു.
എന്നാൽ തീ വേഗത്തിൽ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായിത്തീർന്നു. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീ അണച്ചപ്പൊഴേക്കും കാർ പൂർണമായി കത്തിയമർന്നിരുന്നു.
കൺമുന്നിൽ നടന്ന ഈ ദാരുണ സംഭവത്തിന്റെ നടുക്കം റിട്ടയേർഡ് ബിഎസ്എഫ് ജവാൻ എ. ദിലീപിന്റെ മനസ്സിൽ ഇപ്പോഴും മാഞ്ഞിട്ടില്ല.
വെങ്ങാനൂർ ജംക്ഷന് സമീപം കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയവരിൽ ഒരാളാണ് ദിലീപ്. ക്ഷേത്ര ദർശനത്തിനുപോകാനായി പുലർച്ചെ റോഡരികിൽ നിൽക്കുമ്പോഴാണ് കാർ പിന്നോട്ടു നീങ്ങുന്നതും തീ പടരുന്നതും ദിലീപിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ഓടിയെത്തിയെങ്കിലും ഡോറിന്റെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവറെ പുറത്തിറക്കാനായില്ല. അടുത്ത വീട്ടിൽ നിന്നു ബക്കറ്റിൽ വെള്ളവുമായി എത്തിയെങ്കിലും നിമിഷനേരംകൊണ്ട് കാറിൽ തീ ആളിപ്പടർന്നു.
ഉള്ളിൽ ഉണ്ടായിരുന്ന ആൾ രക്ഷപ്പെടാനായി കൈകൾ പലവട്ടം ഉയർത്തുമ്പോൾ ഒന്നും ചെയ്യാനാകാതെ നോക്കിനിൽക്കേണ്ടിവന്നത് കടുത്ത മാനസിക വേദനയാണ് ഉണ്ടാക്കിയതെന്ന് ദിലീപ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

