കുറ്റമറ്റതും സുതാര്യവുമായ ഔദ്യോഗിക വിവരങ്ങൾ യാത്രക്കാരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒക്ടോബർ ഒന്നുമുതൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി നിഷേധിച്ചു. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ഒരു പ്രത്യേക വിമാനക്കമ്പനി ഒക്ടോബർ ഒന്നുമുതൽ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി വ്യക്തമാക്കുകയുണ്ടായി.
ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് യാതൊരുവിധ ഔദ്യോഗിക തീരുമാനമോ നിർദ്ദേശമോ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാന സർവീസുകളുമായി ബന്ധപ്പെട്ട
നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തുന്നതിന് മുൻപ് ബന്ധപ്പെട്ട അധികൃതരിൽനിന്ന് കൃത്യമായ വിവരങ്ങൾ സ്ഥിരീകരിക്കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും അതോറിറ്റി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രാവേളകളിൽ ഇത്തരം തെറ്റായ പ്രഖ്യാപനങ്ങൾ യാത്രക്കാർക്കിടയിൽ വലിയ തോതിലുള്ള ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, അത്തരം നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭാവിയിൽ ട്രാൻസിറ്റ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട
ഏതൊരു പ്രഖ്യാപനവും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴിമാത്രമേ അറിയിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

