ഇന്ത്യയിലേക്ക് ചരക്കുമായി സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേർന്നുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയേന്തി യാത്ര ചെയ്തിരുന്ന എംവി കേപ് ദാവോ എന്ന ബൾക്ക് കാരിയർ കപ്പലാണ് ആക്രമണത്തിന് ഇരയായത്.
ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഒമാനിലെ മുസന്ദം ഗവർണറേറ്റ് തീരത്തിന് സമീപത്തുവെച്ചാണ് സംഭവം അരങ്ങേറിയത്.
കപ്പലിൽ ഉണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാൻ ഭരണകൂടവുമായി എംബസി നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തി ജീവനക്കാരെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.
കപ്പലിൽ ഉണ്ടായിരുന്ന ആകെ 27 ജീവനക്കാരെയും ഒമാൻ സുരക്ഷാ സേന വിജയകരമായി ഒഴിപ്പിച്ചു. ഈ ആക്രമണത്തിൽ ഒരാൾ ജീവൻ വെടിയുകയും മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അജ്ഞാതമായ വസ്തു വന്ന് പതിച്ചതിനെ തുടർന്നാണ് കപ്പലിന് തീപിടിച്ചതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട
കപ്പൽ കടലിൽ ഒഴുകുകയായിരുന്നു. കൊല്ലപ്പെട്ട
ഇന്ത്യൻ പൗരന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും, പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു വരികയാണ്. ചെങ്കടൽ, അറബിക്കടൽ മേഖലകളിലെ പ്രധാന കപ്പൽപാതകളിൽ നിലനിൽക്കുന്ന സുരക്ഷാ ഭീഷണികൾക്കിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കപ്പലിന് നേരെ ആക്രമണം അഴിച്ചുവിട്ടത് ആരാണെന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

