ലക്നൗവിലെ **യമുന എക്സ്പ്രസ് ഹൈവേയിൽ** ബസിന് തീപിടിച്ച് 9 പേർ ദാരുണമായി മരണപ്പെടാനിടയായ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തുനിന്നും ഗുരുതരമായ അലംഭാവമുണ്ടായതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബസിൽനിന്ന് കരിഞ്ഞ മണം വരുന്നതായി യാത്രക്കാർ ആശങ്ക അറിയിച്ചിട്ടും ജീവനക്കാർ അത് വകവെക്കാതെ പുകവലി തുടർന്നതായാണ് എഫ്ഐആറിലെ കണ്ടെത്തൽ.
ബസിനുള്ളിൽ പുകവലിക്കുന്നത് തടയണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇത് കാര്യമാക്കാതെ ചിരിച്ചുതള്ളുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡൽഹിയിൽനിന്ന് **ഉത്തർ പ്രദേശിലെ മഹോബയിലേക്ക്** സഞ്ചരിക്കുകയായിരുന്ന ബസിൽ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ബീഹാർ റജിസ്ട്രേഷനിലുളളതാണ് ഈ വാഹനം. യാത്രയ്ക്കിടെ ബസിനുള്ളിൽ പുകയുടെയും കത്തുന്നതിന്റെയും ദുർഗന്ധം ഉയർന്നുവന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി ജീവനക്കാരെ വിവരം ധരിപ്പിച്ചു.
എന്നാൽ ഈ മണം ബസിൽ സാധാരണമാണെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരുടെ ആശങ്ക തള്ളിക്കളയുകയായിരുന്നു. യാത്രക്കാർ വീണ്ടും ശക്തമായി ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വണ്ടി പരിശോധിക്കാൻ തയ്യാറാകാതെ പുകവലി തുടർന്നു.
നിമിഷനേരങ്ങൾക്കകം ബസിന്റെ മുൻഭാഗത്തുനിന്ന് തീജ്വാലകൾ പടർന്നുപിടിക്കുകയായിരുന്നു. യാത്രക്കാർ ഭയന്ന് അലറിക്കരയാൻ തുടങ്ങിയപ്പോൾ, ‘നിങ്ങൾ മരിച്ചാലും എനിക്കൊന്നുമില്ല, ഞാൻ ബസ് നിർത്തില്ല.’ എന്നാണ് ഡ്രൈവർ പ്രതികരിച്ചതെന്നും എഫ്ഐആറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ബസിനുള്ളിൽ പൂർണ്ണമായി പുക നിറഞ്ഞത് യാത്രക്കാരുടെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
ബസിലുണ്ടായിരുന്ന എയർ കണ്ടിഷനിങ് സംവിധാനം പൊട്ടിത്തെറിച്ചാണ് വലിയ ദുരന്തമുണ്ടായതെന്നാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്ന വിവരം. അതേസമയം, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഈ ബസിന് എതിരെ നിരന്തരം നടപടികൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.
മുൻപ് 60 തവണയാണ് ഈ വാഹനം നിയമലംഘനത്തിന് പിഴയ്ക്ക് വിധേയമായത്. ഇതിൽ 20 എണ്ണത്തിന്റേയും പിഴത്തുക ഇതുവരെ ഒടുക്കിയിട്ടില്ല.
ബിആർ32പിഎ8647 എന്ന റജിസ്ട്രേഷൻ നമ്പറിലുള്ള ബസിൽ നിന്ന് ആകെ 1.7 ലക്ഷം രൂപ പിഴയായി ഈടാക്കാൻ ഇതിനകം ഉത്തരവ് നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

