നഗരവാസികൾക്ക് ഏറെ പരിചിതമായ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിലെ കുടുംബശ്രീ അനന്തപുരി കഫേയുടെ പ്രവർത്തനം നിലച്ചു. ഉച്ചഭക്ഷണത്തിനായി പതിവായി എത്തിയിരുന്നവർക്ക് മുന്നിൽ ഇന്നലെ കഫേയുടെ വാതിലുകൾ അടഞ്ഞുകിടക്കുകയായിരുന്നു.
‘കഫേ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നു’ എന്നെഴുതിയ ബോർഡാണ് കഫേയ്ക്ക് മുന്നിൽ സ്ഥാപിച്ചിരുന്നത്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ തലസ്ഥാന നഗരിയിൽ ആരംഭിച്ച ആദ്യകാല ജനകീയ ഹോട്ടലുകളിൽ ഒന്നാണ് അനന്തപുരി കഫേ.
കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമായിരുന്നതിനാൽ നിരവധിയാളുകളാണ് ദിവസവും ഇവിടെയെത്തിയിരുന്നത്. എന്നാൽ, ആറ് വർഷത്തെ സേവനത്തിന് ശേഷം ഈ ജനകീയ അടുക്കളയിലെ തീ അണയുന്നത് ഭക്ഷണത്തിന് ആവശ്യക്കാർ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉയർന്നു വന്ന ചെലവുകളും കാരണം കഫേ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതി വന്നതുകൊണ്ടാണ്.
വസ്തുതാപരമായ പ്രതിസന്ധികളെ തുടർന്ന് വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കാതെ വന്നതോടെ കഴിഞ്ഞ 31ന് കെഎസ്ഇബി കഫേയിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. വൈദ്യുതി ബില്ലിനായി അടയ്ക്കുന്ന തുക കോർപറേഷനിൽ നിന്നും പിന്നീട് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വർഷങ്ങളായി സംരംഭം പ്രവർത്തിച്ചിരുന്നത്.
ഇതിനായി പലപ്പോഴായി കടം വാങ്ങിയാണ് ബില്ലുകൾ അടച്ചുപോന്നത്. എന്നാൽ, ആറ് വർഷത്തെ ബില്ലുകൾ കോർപറേഷന് സമർപ്പിച്ചിട്ടും ഇതുവരെ ഒരു തുകയും ലഭ്യമായില്ലെന്ന് കഫേ പ്രസിഡന്റ് സരോജം വ്യക്തമാക്കി.
ഹോട്ടലിന്റെ ദൈനംദിന നടത്തിപ്പും വൻ കടക്കെണിയിലാണ്. പാചക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ പോലും കടം പറഞ്ഞാണ് വാങ്ങിയിരുന്നത്.
പലചരക്ക് കടകളിലും വലിയ തുക കുടിശ്ശിക ബാക്കിയുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന പത്ത് പേരിൽ അഞ്ച് പേരും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മറ്റ് ജോലികൾ തേടി പോയിരിക്കുകയാണ്.
ബാക്കിയുള്ള ജീവനക്കാർ കടുത്ത ആശങ്കയിലാണ്. ഒന്നര മാസം മുൻപ് തന്നെ നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ കോർപറേഷനെ അറിയിച്ചിരുന്നു.
ഹോട്ടലിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ചു ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും, ഇന്ന് മേയർക്ക് പരാതി നൽകുമെന്നും സരോജം കൂട്ടിച്ചേർത്തു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.
ഇരുപത് രൂപയുടെ ഊണിന് പത്ത് രൂപ സർക്കാർ സബ്സിഡി നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി ഈ സബ്സിഡി ലഭിക്കുന്നില്ല. തുടർന്ന് ഊണിന്റെ വില മുപ്പത്തിയഞ്ച് രൂപയായും, ഗ്യാസ് വിലയടക്കമുള്ള വർദ്ധിച്ച ചെലവുകൾ കാരണം പിന്നീട് നാൽപ്പത് രൂപയായും ഉയർത്തേണ്ടി വന്നു.
എന്നിട്ടും വരുമാനവും ചെലവും തമ്മിലുള്ള അന്തരം നികത്താൻ സാധിക്കുന്നില്ല. ജനകീയ ഹോട്ടലുകൾക്കു സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ അരി ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്.
ഈ വർഷത്തെ സബ്സിഡിയുമായി ബന്ധപ്പെട്ട ഫയലിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

