വടകര പുതുപ്പണം അരവിന്ദ്ഘോഷ് റോഡിന് സമീപം ശക്തമായ മഴയിൽ ദേശീയപാതയോരത്തെ മതിൽ തകർന്നത് പ്രദേശവാസികൾക്ക് ആശങ്കയാകുന്നു. കിഴക്കേ വെന്തുരുത്തി ബാബുവിന്റെ വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞു വീണത്.
മതിൽ സർവീസ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതവും കാൽനടയാത്രയും ദുഷ്കരമായിരിക്കുകയാണ്. ഇതടക്കം നാലാം തവണയാണ് ഈ ഭാഗത്ത് മതിൽ തകരുന്നത്.
അപകടാവസ്ഥയെക്കുറിച്ച് റവന്യൂ, ദേശീയപാത അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നേരത്തെ അപകടം ഒഴിവാക്കാൻ ഈ ഭാഗത്ത് സോയിൽ നെയ്ലിങ് നടത്തിയിരുന്നു.
കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം ഇരുമ്പ് വല സ്ഥാപിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഇരുമ്പ് വല മാത്രമുള്ള ഭാഗത്താണ് ഇപ്പോൾ വീണ്ടും ഇടിവ് സംഭവിച്ചിരിക്കുന്നത്.
മഴ ആരംഭിച്ചപ്പോൾ തന്നെ മതിലിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞിരുന്നു. അന്ന് തന്നെ അധികൃതർക്ക് പരാതി നൽകിയെങ്കിലും, ഇടിഞ്ഞ ഭാഗം ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടി താല്ക്കാലിക പരിഹാരം കാണുക മാത്രമാണ് ചെയ്തത്.
വീടിനോട് വളരെ ചേർന്നാണ് മതിൽ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞു താഴുമോ എന്ന ആശങ്കയിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

