ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർ കോംഗോ) പരിശീലകൻ സെബാസ്റ്റ്യൻ ഡെസാബ്രെയ്ക്ക് നേരിടേണ്ടി വന്നത് തീർത്തും വേദനാജനകമായ നിമിഷങ്ങൾ. മത്സരത്തിലെ തോൽവിയുടെ നിരാശകൾക്കിടയിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്ന പരിശീലകനെ തേടി പിതാവിന്റെ മരണവാർത്ത എത്തുകയായിരുന്നു.
വാർത്താസമ്മേളനം അവസാനിക്കാറായപ്പോൾ കോംഗോ ടീമിന്റെ പ്രസ് ഓഫീസർ ഫ്രഞ്ച് ഭാഷയിൽ ആ ദൗർഭാഗ്യകരമായ കാര്യം ഔദ്യോഗികമായി അറിയിച്ചു. “എല്ലാവർക്കും നന്ദി, എന്നാൽ ഞങ്ങൾക്ക് ഒരു കാര്യം അറിയിക്കാനുണ്ട്.
നമ്മുടെ കോച്ചിന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു.” ഈ വാക്കുകൾ കേട്ട
നിമിഷം സെബാസ്റ്റ്യൻ ഡെസാബ്രെ സ്തബ്ധനായിപ്പോയി. വികാരങ്ങളെ നിയന്ത്രിക്കാൻ പാടുപെട്ട
അദ്ദേഹം, വിറയ്ക്കുന്ന ശബ്ദത്തോടെ ‘നന്ദി’ എന്ന് മാത്രം പറഞ്ഞ് വേദിയിൽ നിന്നും വേഗത്തിൽ മടങ്ങി. തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ.
ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, 49-കാരനായ ഫ്രഞ്ച് പരിശീലകന്റെ നേതൃത്വത്തിൽ കോംഗോ ഫുട്ബോൾ ചരിത്രത്തിൽ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. 1974-ന് ശേഷം 52 വർഷങ്ങൾക്ക് ശേഷമാണ് കോംഗോ ലോകകപ്പിന് യോഗ്യത നേടിയത്.
അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് കീഴിൽ ലോകകപ്പിലെ കന്നി വിജയവും, ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനവും ടീം കൈവരിച്ചു. ഗോൾകീപ്പർ ലയണൽ എംപാസി പുറത്തെടുത്ത മികച്ച പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റൗണ്ട് ഓഫ് 32-ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മികച്ച പോരാട്ടമാണ് കോംഗോ കാഴ്ചവെച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഗോൾ നേടി 75-ാം മിനിറ്റ് വരെ 1-0 എന്ന സ്കോറിന് അവർ മുന്നിലായിരുന്നു.
എന്നാൽ, 75-ാം മിനിറ്റിലും 86-ാം മിനിറ്റിലും ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ നേടിയ ഗോളുകൾ മത്സരത്തിന്റെ ഗതിമാറ്റി. 2-1 എന്ന സ്കോറിന് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചതോടെ കോംഗോയുടെ ലോകകപ്പ് യാത്ര അവസാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

