ചിറ്റൂരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടികളുടെ കൊലപാതക കേസിൽ ഒരു മാസത്തിനുശേഷം പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. നിവേദ്യ (26) എന്ന അമ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
ഈ ദാരുണ സംഭവത്തിന് പിന്നിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാർ, നിവേദ്യ എന്നിവരുടെ മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരെ കഴിഞ്ഞ സെപ്റ്റംബർ 29നു രാവിലെ പത്തരയോടെയാണ് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലെ കുളിമുറിത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുങ്ങിമരണമാണെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ പിതൃസഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പിന്നീട് കൊലപാതകമെന്ന് തെളിയിച്ചത്.
തുടർന്ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത വേളയിൽ താൻ രണ്ടു കുട്ടികളെയും വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നു പ്രതി മൊഴി നൽകിയിരുന്നെങ്കിലും പൊലീസിന് മറ്റ് നിർണായക തെളിവുകൾ ലഭിച്ചിരുന്നില്ല.
തുടർന്ന് ചൊവ്വാഴ്ച ഹൈക്കോടതിയിൽ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പ്രതിയെ രണ്ടുദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്യുകയും വൈകിട്ടോടെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുകയും ചെയ്തു.
തെളിവെടുപ്പിനിടയാണ് സംഭവത്തിൽ മറ്റൊരാളുടെ പങ്കിനെപ്പറ്റി പൊലീസിന് പുതിയ സൂചന ലഭിച്ചത്. എന്നാൽ, പ്രതിയുടെ മൊഴിയും മറ്റ് ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ പൂർണ്ണ വ്യക്തത കൈവരിക്കാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്.രജീഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

