സമകാലിക സാമ്പത്തിക വെല്ലുവിളികളെയും മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളെയും വിജയകരമായി പ്രതിരോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) കൂടുതൽ സംരംഭക സൗഹൃദ അന്തരീക്ഷവും അത്യന്താപേക്ഷിതമാണെന്ന് മുത്തൂറ്റ് എംക്രെഡ് എംഡി മാത്യു മുത്തൂറ്റ് വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക വളർച്ചയും സംരംഭകത്വ മേഖലയിലെ അനന്തസാധ്യതകളും വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ആധുനിക സമ്പദ്വ്യവസ്ഥയിൽ എഐ വരുത്തുന്ന മാറ്റങ്ങൾ വലുതാണ്. ചെറുകിട
ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) വലിയ തോതിൽ ഡേറ്റ കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തിൽ, കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് വഴി ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. വിപണിയിലെ സൂക്ഷ്മ തലത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നാണ് പലപ്പോഴും വലിയ സാമ്പത്തിക വളർച്ചകൾ രൂപംകൊള്ളുന്നത്.
അതിനാൽ തന്നെ സംരംഭങ്ങൾ എഐയെക്കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകേണ്ടതുണ്ട്. കേരളത്തിന്റെ സാധ്യതകളും തൊഴിലവസരങ്ങളും സംസ്ഥാനത്തിന്റെ യഥാർത്ഥ ശേഷി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിൽ നാം ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.
എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ പുതിയ ബിസിനസ് അവസരങ്ങൾ തേടി കേരളത്തിന് പുറത്തേക്ക് പോകുന്നത്? എന്തുകൊണ്ടാണ് അവർ തൊഴിലിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത്? തുടങ്ങിയ ഗൗരവമേറിയ ചോദ്യങ്ങൾക്ക് പരിഹാരമെന്നോണം, കഴിവുറ്റ പ്രതിഭകൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച അവസരങ്ങൾ സൃഷ്ടിച്ചുനൽകാൻ നമുക്ക് സാധിക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള ബൃഹത്തായ സംരംഭങ്ങൾ യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ, ബിസിനസിനെ സമീപിക്കുന്ന രീതികളിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ യാഥാർത്ഥ്യമാകണം കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതൽ അനുകൂലവും സൗഹൃദപരവുമായി മാറേണ്ടിയിരിക്കുന്നു. ഇവിടെ സംരംഭങ്ങൾതുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നടപടിക്രമങ്ങൾ ലളിതമായി പൂർത്തിയാക്കാൻ കഴിയണം.
സർക്കാർ നിയന്ത്രണങ്ങൾ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിബന്ധങ്ങളായി മാറരുത്; മറിച്ച്, സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിന് കരുത്തുപകർന്ന് ഒപ്പം നിൽക്കുന്ന സംവിധാനമായി മാറണം എന്ന് മാത്യു മുത്തൂറ്റ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന്റെയും അനുബന്ധ പദ്ധതികളുടെയും നേട്ടങ്ങൾ മുതലെടുത്ത് പുതിയ പരീക്ഷണങ്ങൾ നടത്താനും ബിസിനസ് വ്യാപിപ്പിക്കാനുമുള്ള അവസരം സംരംഭകർക്ക് ലഭിക്കണം.
നാം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും ജപ്പാൻ, കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കുന്ന രാജ്യാന്തര നിലവാരമുള്ളതായിരിക്കണം. വെല്ലുവിളികളെ സധൈര്യം നേരിടാനും ആഗോള ചിന്താഗതിയിലേക്ക് സ്വയം പാകപ്പെടാനും സംരംഭക സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സമ്മേളനത്തിൽ ഭാവിയിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിക്കുന്ന മേഖലകളെക്കുറിച്ചുള്ള മുഖ്യപ്രഭാഷണം മാർസിലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റിങ് ഓഫിസറുമായ സൗരഭ് മുഖർജി നിർവഹിക്കും. നബാർഡ് ചെയർമാൻ ഡോ.ഷാജി കൃഷ്ണൻ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ, ടില്ലർ നിർമാതാക്കളായ വിഎസ്ടി ടില്ലേഴ്സിന്റെ സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ.മത്തായി, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി, ഹോംസ് ഇക്വിറ്റീസ് പ്രിൻസിപ്പൽ ഓഫിസർ സജി മാത്യൂസ് തുടങ്ങിയ പ്രമുഖർ തങ്ങളുടെ അനുഭവസമ്പത്തും അറിവുകളും സദസ്സുമായി പങ്കുവെക്കും.
സമാപന സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ഏലിയാസ് ജോർജ് കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനം– വളർച്ചയും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പുതുതലമുറയിൽ പെട്ട
മലയാളി സംരംഭകരുടെ സജീവ സാന്നിധ്യമാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന സവിശേഷത. ഇ–സ്കൂട്ടർ നിർമ്മാതാക്കളായ റിവർ മൊബിലിറ്റിയുടെ സഹസ്ഥാപകൻ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകൻ അരുൺ രാജ്, എൽ സോൾ പവർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസു മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ച് സംസാരിക്കും.
കിങ്സ് മറീൻ പ്രോഡക്ട്സ് പ്രതിനിധി ജോർഡൻ, ഫൈബർവേൾഡ് പ്രതിനിധി നീന റോബി, കേരളാ ഏയ്ഞ്ചൽ നെറ്റ്വർക് പ്രതിനിധി രാഹുൽ മാമൻ ഏബ്രഹാം, ഫെമിസേഫ് പ്രതിനിധി നൗറീൻ ഐഷ, ക്രാവ് പ്രതിനിധി റമീസ് അലി തുടങ്ങിയ യുവസംരംഭകരും ചർച്ചകളിൽ പങ്കെടുക്കും. മുത്തൂറ്റ് എംക്രെഡ് ആണ് ഈ സമ്മിറ്റിന്റെ ടൈറ്റിൽ സ്പോൺസർ.
പ്രമുഖ ധനകാര്യ സേവനദാതാക്കളായ സുപ്ര പസിഫിക് പവേഡ് ബൈ സ്പോൺസറും, നബാർഡ്, ഹോംസ് ഇക്വിറ്റീസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

