കോഴിക്കോട് ജില്ലയിൽ ഹോട്ടലുകളിലും ചായക്കടകളിലും വിൽപന നടത്തുന്ന എണ്ണക്കടികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഭൂരിഭാഗം ചെറുകിട, ഇടത്തരം ഹോട്ടലുകളും റെഡിമെയ്ഡ് എണ്ണക്കടികൾ വാങ്ങി വിൽപന നടത്തുന്ന രീതിയാണ് പിന്തുടരുന്നത്.
ഇത്തരത്തിലുള്ള കടകൾക്ക് ആവശ്യമായ പലഹാരങ്ങൾ വൻതോതിൽ നിർമ്മിച്ച് നൽകുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാത്രി 12 മണിക്ക് ശേഷമാണ് ഇത്തരം പാചക കേന്ദ്രങ്ങളിൽ ജോലികൾ ആരംഭിക്കുന്നത്.
പുലർച്ചെയോടെ പാചകം പൂർത്തിയാക്കി ഹോട്ടലുകളിലേക്ക് വിതരണത്തിനായി കൊണ്ടുപോകുകയാണ് പതിവ്. ഈ സമയങ്ങളിൽ ആരോഗ്യ വകുപ്പിന്റെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ പരിശോധനകൾ ഉണ്ടാകാറില്ലെന്നത് വ്യാപകമായ പരാതിക്കിടയാക്കിയിട്ടുണ്ട്.
പല നിർമ്മാണ കേന്ദ്രങ്ങളും എല്ലാവിധ ആരോഗ്യ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും, ആരോഗ്യത്തിന് ഹാനികരമായ എണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നതെന്നുമാണ് പ്രധാന ആരോപണം. നിയമപ്രകാരം ഒരിക്കൽ ചൂടാക്കി ഉപയോഗിച്ച ഭക്ഷ്യഎണ്ണ വീണ്ടും ചൂടാക്കി പാചകത്തിനായി ഉപയോഗിക്കാൻ പാടില്ല.
ഇത് മനുഷ്യരിൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, ഭക്ഷ്യസുരക്ഷാ ഡപ്യൂട്ടി കമ്മിഷണർ ടി.എസ്.വിനോദ് കുമാർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് വീണ്ടും ചൂടാക്കി ഉപയോഗിച്ച 440 ലീറ്റർ ഭക്ഷ്യഎണ്ണ പിടിച്ചെടുത്തിരുന്നു.
പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ഇത്തരം പരിശോധനകളും ശക്തമായ നിരീക്ഷണങ്ങളും തുടരുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ ഡോ.ജോസഫ് കുര്യാക്കോസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

