തൃശൂർ ജില്ലയിലെ കുന്നംകുളം പെരുമ്പില്ലാവിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. പെരുമ്പിലാവ് പട്ടാമ്പി റോഡ് വെളുത്ത വളപ്പിൽ അക്ബർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.
സംഭവത്തിൽ പതിമൂന്നര പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ അക്ബറും കുടുംബവും വീട് പൂട്ടി പുറത്തേക്ക് പോയിരുന്നു.
തുടർന്ന് രാത്രി 8:30 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ഇവർ അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
അലമാരയ്ക്കുള്ളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കൂടാതെ ആധാർ കാർഡ്, ആർ.സി ബുക്ക് തുടങ്ങിയ പ്രധാന രേഖകളും സംഘം അപഹരിച്ചിട്ടുണ്ട്. വീട്ടിലെ അലമാരകളിലെ തുണികൾ ഉൾപ്പെടെ വാരിവലിച്ചിട്ട
നിലയിലായിരുന്നു. മോഷണത്തിന് ശേഷം വീടിന്റെ പിറകുവശത്തെ ഗ്രിൽ തകർത്താണ് പ്രതികൾ രക്ഷപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അക്ബർ കുന്നംകുളം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി നിർണായക തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ് എന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

