സാമ്പത്തിക പരാധീനതകൾ മൂലം ചെലവേറിയ കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കാൻ സാധിക്കാത്ത സാധാരണക്കാരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ദേശീയതല മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം ലക്ഷ്യമിട്ട് സൗജന്യ കൃത്രിമ ബുദ്ധി (എഐ) അധിഷ്ഠിത പരിശീലന പോർട്ടൽ നിലവിൽവരുന്നു. നീറ്റ് (NEET), ജെഇഇ (JEE), സിയുഇടി (CUET), ഐഐഎസ്ഇആർ (IISER), കെവിപിവൈ (KVPY) തുടങ്ങിയ നിർണായക പ്രവേശന പരീക്ഷകൾക്കായി വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് ഈ നൂതന പദ്ധതിയെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.
അൻവർ സാദത്ത് വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സെപ്റ്റംബർ 15-ന് രാവിലെ 10.30-ന് നടക്കുന്ന ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ പരിശീലന പരിപാടിയിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സജ്ജീകരിച്ചിട്ടുള്ള പരിശീലന കേന്ദ്രങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ ഈ ചടങ്ങിൽ പങ്കാളികളാകും.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് സ്കൂളുകളിൽ വിജയകരമായി പരീഷിച്ചറിഞ്ഞ പൈലറ്റ് പ്രോജക്റ്റിന്റെ തുടർച്ചയായാണ് ഈ സംരംഭം ഇപ്പോൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നത്. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത പഠനരീതികളും ആവശ്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്ത് അതിനനുയോജ്യമായ പരിശീലനവും പിന്തുണയും ഉറപ്പാക്കുന്ന രീതിയിലാണ് ‘മുകുളം’ പോർട്ടലിൽ കൈറ്റിന്റെ എഐ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്.
സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് എന്നീ വിവിധ സ്ട്രീമുകളിലായി പത്തോളം വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ പഠനസാമഗ്രികൾ എഐ സങ്കേതങ്ങളുടെ സഹായത്തോടെ നവീകരിച്ച കൈറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

