സൗദി അറേബ്യയിൽ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ നിലപാടിൽ മാറ്റം വരുത്തി പാക്കിസ്ഥാൻ നേതൃത്വം. ഹൂതികൾക്കെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കാളിയായാൽ വലിയ പ്രാദേശിക സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന ആശങ്കയാണ് പാക്കിസ്ഥാനെ വെട്ടിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരം സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ മൂന്ന് രാജ്യങ്ങളിൽ ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കണമെന്നാണ് വ്യവസ്ഥ. അമേരിക്കയും ഇറാനും തമ്മിലുള്ള രഹസ്യ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനിടയിലാണ് സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നാല് നഗരങ്ങൾക്ക് നേരെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്.
ഇത് പാക്ക് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കി. ഹോർമൂസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയുമുള്ള എണ്ണ, വാതക കയറ്റുമതിയെ സാരമായി ആശ്രയിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
അതുകൊണ്ടുതന്നെ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾക്കെതിരെ തിരിഞ്ഞാൽ അത് വലിയ തിരിച്ചടിയാകുമെന്ന് പാക്ക് നേതൃത്വം ഭയപ്പെടുന്നു. രാജ്യത്തിന്റെ ദുർബലമായ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ ഗൾഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുമ്പോഴും, അയൽരാജ്യമായ ഇറാനെ അകറ്റി നിർത്താൻ പാക്കിസ്ഥാൻ തയ്യാറല്ല.
ഈ സാഹചര്യത്തിൽ കരാർ പ്രകാരമുള്ള പ്രതിബദ്ധതയെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്നതോടെയാണ് പ്രതിസന്ധി ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളിലേക്ക് പാക്കിസ്ഥാൻ കടന്നത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ചു.
സൗദിക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച ഷെഹ്ബാസ് ഷെരീഫ്, ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയെയും ആഗോള ഊർജ വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിക്കുമെന്നും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

