തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ഈ ആനുകൂല്യം ലഭ്യമാകും.
സെക്രട്ടേറിയറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ബോണസ് വിഷയത്തിൽ സമവായത്തിലെത്തിയത്. തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സർവീസ് കോൺട്രാക്ടറായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
തുടർന്ന് ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പു വച്ചു. 108 ആംബുലൻസ് സേവനത്തിന്റെ സുഗമമായ പ്രവർത്തനത്തിൽ ജീവനക്കാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ സംസ്ഥാന സർക്കാർ വിലമതിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ തൊഴിലാളികൾക്കും മാനേജ്മെന്റിനും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.
ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീനാ മോൾ വർഗീസ്, ജില്ലാ ലേബർ ഓഫീസർമാരായ രജിത, ചിത്രാ രാജൻ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജനറൽ മാനേജർ രാകേഷ് ആർ യു, ഡപ്യൂട്ടി ജനറൽ മാനേജർ മിബിൻ ബാബു എം, മാനേജ്മെന്റ് പ്രതിനിധികളായ ശരവണൻ എ, ജിതിൻ മാത്യു, തൊഴിലാളി യൂണിയൻ പ്രതിനിധികളായ ആർ. ചന്ദ്രശേഖരൻ, വി ജെ ജോസഫ്, ജാക്സൺ ജേക്കബ്, രാജീസ് വി ആർ, താന്നിവിള സതി, വി ശിവദാസ് തുടങ്ങിയവർ ചർച്ചയിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

