പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലെ യുദ്ധം ലോക സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോൾ മറുവശത്ത് എരിതീയിൽ എണ്ണയെന്നോണം യുക്രെയ്നും റഷ്യയും തമ്മിലെ പോരും മുറുകുകയാണ്. ക്രൂഡോയിൽ വില 100 ഡോളറും കടന്ന് കത്തിക്കയറി.
ലോകമാകെ പണപ്പെരുപ്പക്കാറ്റ് ആഞ്ഞടിക്കുന്നു. ഓഹരി വിപണികളും നഷ്ടക്കയത്തിലായി.
ഏഴും എട്ടും യുദ്ധങ്ങളൊക്കെ നിർത്തിയെന്ന് അവകാശപ്പെടുന്ന യുഎസ് പ്രസിഡന്റ് ട്രംപിന് ഇതുവരെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനൊരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്ന് യുഎസ് ആയുധസഹായങ്ങൾ നൽകുന്നുണ്ട്.
ഇപ്പോഴിതാ, ഇത്രയും കാലം യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണത്തെ ‘ന്യായീകരിച്ചിരുന്ന’, ട്രംപിന്റെ അനുയായി ലോറ ലൂമറിന്റെ മലക്കംമറിച്ചിലാണ് ഏവരുടെയും ശ്രദ്ധനേടുന്നത്. സാമൂഹികമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഇൻഫ്ലുവൻസറാണ് ലോറ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി റഷ്യയുടെ യുദ്ധത്തെ നിസ്സാരവൽക്കരിച്ചുള്ള വാദങ്ങളായിരുന്നു ലോറ ലൂമർ നിരത്തിയിരുന്നത്. യുക്രെയ്നിലുള്ളത് മനുഷ്യത്വരഹിത ചിന്താഗതിക്കാരുടെ കൂട്ടമാണെന്ന റഷ്യൻ വാദത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
യുക്രെയ്ന് ട്രംപ് ഭരണകൂടം പ്രതിരോധ സാമഗ്രികൾ നൽകുന്നതിനെയും ലോറ ശക്തമായി വിമർശിച്ചിരുന്നു. കഴിഞ്ഞദിവസം യുക്രെയ്നിലെത്തിയ ലോറ സമൂഹമാധ്യമത്തിൽ പക്ഷേ പോസ്റ്റ് ചെയ്തത് ഇങ്ങനെ: ‘‘യുക്രെയ്ന്റെ ആകാശം മിസൈലുകളാൽ നിറഞ്ഞിരിക്കുന്നു.
എങ്ങും സൈറൻ മുഴക്കം. യുക്രെയ്ൻകാരുടെ എല്ലാ ദിവസവും ഇപ്പോൾ ഇങ്ങനെയാണ്’’.
തുടർന്നുള്ള വരികൾ: ‘‘യുക്രെയ്നിലെ ആക്രമണത്തെ കാര്യമാക്കുന്നില്ലെന്ന് ഞാൻ പണ്ട് പറഞ്ഞിരുന്നു. ഇപ്പോൾ അത് ആലോചിക്കുമ്പോൾ എന്റെ അഭിപ്രായം ശരിയായിരുന്നില്ലെന്ന് തോന്നുന്നു’’.
യുക്രെയ്നിലെത്തിയ ലോറ ലൂമർ, പ്രസിഡന്റ് സെലെൻസ്കിയുമായി അഭിമുഖം നടത്തി. എന്തിനാണ് യുക്രെയ്നിൽ എത്തിയതെന്നോ സെലെൻസ്കിയെ കണ്ടതെന്നോ ലോറ വ്യക്തമാക്കിയിട്ടില്ല.
യുഎസിൽ, ഓവൽ ഓഫിസിൽവച്ച് ട്രംപും വൈസ് പ്രസിഡന്റ് വാൻസും സെലെൻസ്കിയും അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നു.
ഇതിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ, താനുമായുള്ള അഭിമുഖത്തിൽ സെലെൻസ്കി എല്ലാം തുറന്നുപറഞ്ഞെന്നും സ്ഫോടനാത്മകമായ വിവരങ്ങളുമായി അഭിമുഖം ഉടൻ പുറത്തുവരുമെന്നും ലോറ ലൂമർ എക്സിൽ എഴുതിയിട്ടുണ്ട്.
യുക്രെയ്നിൽ നിന്ന് പകർത്തിയ വിഡിയോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ലോറ ശക്തമായി വിമർശിക്കുന്നുമുണ്ട്. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പ്രസിദ്ധമായൊരു കത്തീഡ്രൽ സെലെൻസ്കിക്കൊപ്പം ലോറ സന്ദർശിച്ചിരുന്നു.
റഷ്യൻ ആക്രമണത്തിൽ കത്തീഡ്രലിനും കേടുപാടുകൾ പറ്റിയിരുന്നു. ക്രൈസ്തവരോടുള്ള പുട്ടിന്റെ നിലപാടിലെ ഇരട്ടത്താപ്പാണ് ആക്രമണെന്ന് ലോറ ആരോപിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നീക്കങ്ങളുടെ ഭാഗമായിരുന്നോ ലോറയുടെ യുക്രെയ്ൻ സന്ദർശനം? ലോറയോ ട്രംപ് ഭരണകൂടമോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ലോറയും സെലെൻസ്കിയും തമ്മിലെ അഭിമുഖം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ഏവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

