പൊലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും നിസ്തുലമായ സേവനങ്ങളെയും ധീരതയെയും ആദരിച്ച് എറണാകുളം റൂറൽ ജില്ലാ പൊലീസ്. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ധീരതകൾ പ്രകടിപ്പിച്ച മൂന്ന് പൊതുപ്രവർത്തകരേയും മികച്ച അന്വേഷണ മികവ് പുലർത്തിയ 40 പൊലീസുദ്യോഗസ്ഥരേയുമാണ് ആദരിച്ചത്.
കേരള പൊലീസ് നടപ്പിലാക്കുന്ന അഭിനന്ദന ദിനത്തിൻറെ ഭാഗമായാണ് ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചത്. മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ മൂന്ന് പേരെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ വെള്ളൂർക്കുന്നം പേൻതിട്ടയിൽ വീട്ടിൽ ഷാജിയെ ചടങ്ങിൽ വിശേഷാൽ ആദരിച്ചു.
മൂവാറ്റുപുഴയാറിന്റെ പുളിക്കക്കടവിൽ നാലര വയസ്സുകാരി പുഴയിൽ വീണപ്പോൾ രക്ഷിക്കാൻ ചാടിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ അപകടം മനസ്സിലാക്കി ഒട്ടും വൈകാതെ പുഴയിലേക്ക് ചാടിയാണ് ഷാജി ഇവരുടെ ജീവൻ രക്ഷിച്ചത്.
കൂടാതെ, ആലുവയിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ സാഹസികമായി പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ആലുവ എരുമത്തല ഉള്ളാടത്ത് വീട്ടിൽ താജുദ്ദീൻ, കീഴ്മാട് പൊരുവേലി വീട്ടിൽ ഷാജഹാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ആലുവ പഴയ ബസ്റ്റാൻഡിൽ നിന്നാണ് പ്രതികൾ ഓട്ടോറിക്ഷയിൽ കയറിയത്.
പറവൂർ കവലയിലേക്ക് പോകണമെന്ന ഇവരുടെ ധൃതിയിൽ സംശയം തോന്നിയ ഓട്ടോഡ്രൈവർ, റെയിൽവേ കോർണറിന് സമീപം കരഞ്ഞുകൊണ്ട് നിന്ന 70 വയസ്സുകാരിയായ വൃദ്ധയുടെ അരികിൽ ഓട്ടോ നിർത്തുകയായിരുന്നു. മാല മോഷണം പോയ വിവരം വൃദ്ധ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ഓട്ടോയിലുണ്ടായിരുന്നവരെ അവർ തിരിച്ചറിയുകയും ചെയ്തു.
തുടർന്ന് ഓട്ടോ ഡ്രൈവർമാരായ ഇവർ വൃദ്ധയെയും ഒപ്പം മോഷ്ടാക്കളെയും സഹിതം സാഹസികമായി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വ്യക്തമായ അന്വേഷണ മികവും മികച്ച സേവനവും കാഴ്ചവെച്ച ഡിവൈഎസ്പി മാരായ ബൈജു പൗലോസ്, സി ബിനു കുമാർ, സിഐമാരായ പി എം ഷമീർ, ബി കെ അരുൺ തുടങ്ങിയവരുൾപ്പെടെയുള്ള 40 പൊലീസുദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്യുകയും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അഭിനന്ദന പത്രം കൈമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

