2023 ഒക്ടോബർ 7ലെ ചരിത്രപ്രധാനമായ ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വെളിപ്പെടുത്തി. ആക്രമണം നടന്ന് മൂന്ന് വർഷത്തോളമാകുമ്പോഴാണ് ഈ നിർണായക വിവരം പുറത്തുവരുന്നത്.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് വഴിയുള്ള രഹസ്യ ചാനൽ മുഖേന ഹമാസിന്റെ സന്ദേശം ലഭിച്ചിരുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. ഹമാസ് നേതാവ് യഹിയ സിൻവർ ഇസ്രയേലിലെ ജയിലുകളിൽ വലിയ പ്രക്ഷോഭങ്ങൾ അഴിച്ചുവിടുമെന്ന മുന്നറിയിപ്പാണ് സന്ദേശത്തിലുണ്ടായിരുന്നത്.
എന്നാൽ തടവിലാക്കപ്പെട്ട എലിസബത്ത് സുർക്കോവ് എന്ന ഇസ്രയേലി പൗരന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതാണ് ഈ മുന്നറിയിപ്പെന്നായിരുന്നു മിലിട്ടറി ഇന്റലിജൻസിന്റെ അന്നത്തെ വിലയിരുത്തൽ.
ഇതിനുപുറമേ, യുദ്ധസമയത്ത് അമേരിക്കൻ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നടത്തിയ അതിവരഹസ്യ ചർച്ചകളിൽ നിന്ന് പ്രതിരോധ മന്ത്രിയായിരുന്നിട്ടും തന്നെ മനഃപൂർവം ഒഴിവാക്കിയതായും ഗാലന്റ് ആരോപിച്ചു. ബന്ദികളുടെ മോചനത്തെക്കുറിച്ചും ആയുധശേഖരത്തെക്കുറിച്ചും നെതന്യാഹു അമേരിക്കയുമായി നടത്തിയ പല നിർണായക ചർച്ചകളും താൻ അറിഞ്ഞത് അമേരിക്കൻ ഉദ്യോഗസ്ഥർ തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ സ്ഥിരീകരിക്കാൻ ശ്രമിച്ചപ്പോഴാണ്.
അമേരിക്കൻ ഭരണകൂടത്തിന് നെതന്യാഹുവിലുള്ള വിശ്വാസം വളരെ കുറവായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. 2022 മുതൽ 2024 നവംബർ വരെ ഇസ്രയേലിന്റെ പ്രതിരോധ മന്ത്രിയായിരുന്നു യോവ് ഗാലന്റ്.
എന്നാൽ യുദ്ധം നയിക്കുന്നതിലെ അഭിപ്രായവ്യത്യാസങ്ങളെയും വിശ്വാസത്തകർച്ചയെയും തുടർന്ന് 2024 നവംബറിൽ നെതന്യാഹു അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകളുടെ പാത സ്വീകരിക്കണമെന്ന് ഗാലന്റ് ആവശ്യപ്പെട്ടപ്പോൾ, ഹമാസിനുമേൽ സൈനിക സമ്മർദം തുടരണമെന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്.
ഒക്ടോബർ 7 ആക്രമണത്തിലെ സുരക്ഷാ വീഴ്ചകളും യുദ്ധകാലത്തെ സർക്കാരിന്റെ വീഴ്ചകളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹു സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

