കുന്നംകുളം മുൻ എംഎൽഎ അന്തരിച്ച പി.ആർ. കൃഷ്ണന്റെ ഫാമിലി പെൻഷൻ ഭാര്യയെന്ന വ്യാജേന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.
ശ്രീമതി കൈപ്പറ്റുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വലിയ ചർച്ചയായിരുന്നു. ഈ ആക്ഷേപത്തോടു പ്രതികരിക്കുന്നതിനിടയിൽ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ സാഹചര്യത്തെക്കുറിച്ച് അവർ വ്യക്തമാക്കുന്നു.
തന്റെ അമ്മയുടെ പേരും പി.കെ. ശ്രീമതി എന്നാണെന്നും 2020ൽ മരിക്കുന്നതുവരെ അച്ഛന്റെ പെൻഷൻ അമ്മ വാങ്ങിയിരുന്നുവെന്നും വ്യക്തമാക്കി പി.ആർ.
കൃഷ്ണന്റെ മകൻ അഭിജിത് രംഗത്തെത്തിയിട്ടുണ്ട്. വ്യാജ വാർത്ത നൽകിയതിനെതിരെ ശക്തമായ നിയമപോരാട്ടത്തിലാണ് പി.കെ.
ശ്രീമതി ഇപ്പോൾ. മാധ്യമങ്ങൾക്ക് മുന്നിൽ കരയാനിടയായ സാഹചര്യം എന്തായിരുന്നു?
ഏതാനും ദിവസം മുൻപ് ഡൽഹിയിലുള്ളപ്പോഴാണ് ഇങ്ങനെയൊരു വാർത്ത വന്നതായി കണ്ടത്.
അന്നത് ഗൗരവത്തിൽ എടുത്തില്ല. നാട്ടിലെത്തിയപ്പോഴാണു ചില പത്രങ്ങളിലും ഇതേ വാർത്ത വന്നതായി അറിഞ്ഞത്.
പല യുട്യൂബ് ചാനലുകളിലും വളരെ മോശമായ രീതിയിൽ ഇതേ വാർത്ത പ്രചരിപ്പിച്ചു. എന്നാണ് ടീച്ചർ പെൻഷൻ വാങ്ങാൻ തുടങ്ങിയെന്ന് ചോദിച്ചു പലരും വിളിക്കാൻ തുടങ്ങി.
ഇതോടെ മാനസികമായി തകർന്നു. ആരാണ് ഈ കൃഷ്ണൻ എംഎൽഎ എന്നു പലരോടും ചോദിച്ചെങ്കിലും അറിയാൻ സാധിച്ചില്ല.
ഇതോടെയാണ് വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചത്. അല്ലെങ്കിൽ പെൻഷൻ വാങ്ങുന്ന ശ്രീമതി ഞാൻ തന്നെയാണെന്ന് എല്ലാവരും കരുതും.
എന്റെ ഭർത്താവ് മരിച്ച് ഒരു വർഷം പോലും ആകുന്നതിനു മുൻപേ വേറെ ഏതോ ഒരാളുടെ പെൻഷൻ വാങ്ങുന്നു എന്നു പറയുന്നതിൽ അപ്പുറം നാണക്കേട് ജീവിതത്തിലില്ല. അതുകൊണ്ടാണു മാധ്യമങ്ങളെ കണ്ടപ്പോൾ കരഞ്ഞുപോയത്.
മുൻപും ഇത്തരം ആരോപണങ്ങൾ ഉണ്ടായിരുന്നോ?
പാർട്ടിയിലെ വിഭാഗീയതയുടെ ഏറ്റവും വലിയ ഇരയാണ് ഞാൻ. ഏഴ് വർഷം സിബിഐ കേസിൽപ്പെട്ടു.
കിളിരൂർ പീഡനക്കേസിലെ കുട്ടിയെ കാണാൻ പോയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. മറ്റു ചിലർക്കു വേണ്ടിയാണ് ഞാൻ കാണാൻ പോയതെന്നായിരുന്നു ആരോപണം.
എന്റെ മകനെതിരെയാണു പിന്നെ ആരോപണം ഉയർന്നത്. മുൻ ആരോഗ്യമന്ത്രി പി.കെ.
ശ്രീമതിയുടെ മകനു സ്വന്തമായി ഓക്സിജൻ പ്ലാന്റ് ഉണ്ടെന്നും ഓക്സിജൻ ഉണ്ടാക്കി സൂക്ഷിച്ചുവെന്നും കരിഞ്ചന്തയിൽ വിൽക്കാൻ വേണ്ടിയാണിതെന്നും പി.ടി. തോമസ് ആരോപിച്ചിരുന്നു.
എന്നാൽ ഞാൻ അതു നിഷേധിക്കുകയും ആരോപത്തിനെതിരെ പരാതി നൽകുകയും ചെയ്തു. കേസ് റജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിനിടെ, പി.ടി.
തോമസ് അസുഖബാധിതനാണെന്ന് അഭിഭാഷകൻ പറഞ്ഞു. തുടർന്ന് ഞാൻ ആ കേസിൽനിന്നു പിൻവാങ്ങി.
ഏറെ താമസിയാതെ അദ്ദേഹം മരിച്ചു. ഓക്സിജൻ പ്ലാന്റ് പോയിട്ട് എന്റെ കുടുംബത്തിൽ ആരും മെഡിക്കൽ ഷോപ്പ് പോലും നടത്തുന്നില്ല.
ഒരാളും മെഡിക്കൽ രംഗത്തില്ല. മെഡിക്കൽ സർവീസ് കോർപറേഷൻ ഉണ്ടാക്കിയതുകൊണ്ടാണ് എനിക്കെതിരെ ആരോപണം ഉയർന്നത്.
മെഡിക്കൽ സർവീസ് കോർപറേഷനിൽ അഴിമതി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് വി.ഡി. സതീശൻ അന്ന് തന്നെ പറഞ്ഞിരുന്നു.
വ്യാജ ആരോപണങ്ങൾ നടത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസ് നൽകി.
അദ്ദേഹം ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് എനിക്കെതിരെ ഉയർന്നത്.
പി.കെ ശശിയുമായി ബന്ധപ്പെട്ട പരാതിയിൽ തീവ്രത എന്ന വാക്ക് ഉപയോഗിച്ചിരുന്നോ?
തീവ്രത, തീവ്രത എന്നു പറഞ്ഞ് ഏറെക്കാലമായി എന്നെ അധിക്ഷേപിക്കുകയാണ്.
ഞാൻ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. പി.കെ.
ശശിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട റിപ്പോർട്ടും കണ്ടിട്ടില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോടും ഒന്നും സംസാരിച്ചിട്ടുമില്ല. പറയാത്ത വാക്ക് എനിക്കു ചാർത്തിത്തന്ന് കുറച്ചു കാലമായി ആക്രമിക്കുന്നു.
സമൂഹമാധ്യമത്തിൽ പോലും ഒന്നും എഴുതാൻ സാധിക്കുന്നില്ല. അപ്പോഴേക്കും ഈ രീതിയിലുള്ള കമന്റ് വരും.
അത്ര മോശമായ വാക്കുകളാണു കേൾക്കേണ്ടി വരുന്നത്. പി.പി.
ദിവ്യ മുതൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്കെതിരെ വരെ വളരെ മോശമായി രീതിയിൽ പ്രചാരണമുണ്ട്. തീവ്രത എന്ന വാക്ക് ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനെതിരെ പരാതി നൽകുമോ?
ഇനി പരാതി നൽകുന്നത് കൊണ്ട് കാര്യമില്ല.
അന്ന് കൊടുക്കണമായിരുന്നു. അതിനു സാധിച്ചില്ല.
പക്ഷേ, പെൻഷനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വനിതാ കമ്മിഷൻ, ഡിജിപി എന്നിവർക്കു പരാതി നൽകി.
ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും. തന്റെ ഭർത്താവ് മരിച്ച് ഒരു വർഷം തികയുന്നതിന് മുൻപേ ഞാൻ വേറെ ഒരാളുടെ ഭാര്യയായി പെൻഷൻ വാങ്ങുന്നു എന്ന ആരോപണം വളരെ വൃത്തിക്കെട്ടതാണ്.
അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. പാർട്ടിയിൽ വിഭാഗീയതയുണ്ടോ?
പാർട്ടിയിൽ കുറച്ചുകാലമായി വിഭാഗീയതയുടെ പ്രശ്നമില്ല.
നിലവിൽ ഒരു പ്രശ്നവുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

