ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിംഗിനിടെ ടെയിൽ സ്ട്രൈക്ക് സംഭവിച്ചു. ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന 225 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ആദ്യ ശ്രമത്തിൽ ലാൻഡിംഗ് സാധ്യമാകാതെ വന്നതിനെ തുടർന്ന്, വിമാനം വീണ്ടും ഇറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം ഉണ്ടായത്.
ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ വാല് ഭാഗം റണ്വേയിൽ തട്ടുന്നതിനെയാണ് ടെയിൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് ലാൻഡിംഗിനിടയിൽ വിമാനത്തിന് അസാധാരണമായ റൺവേ കോൺടാക്റ്റ് ഉണ്ടായതായി ഇൻഡിഗോ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയതെന്നും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
കൂടുതൽ സാങ്കേതിക പരിശോധനകൾക്കായി എയർബസ് A321 നിയോ വിമാനം താൽക്കാലികമായി സർവീസുകളിൽ നിന്ന് മാറ്റിയിരിക്കുകയാണ്. സുരക്ഷാ പരിശോധനകളും ആവശ്യമായ മറ്റ് അനുമതികളും പൂർത്തിയാക്കിയ ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസുകൾക്കായി ഉപയോഗിക്കുകയുള്ളൂ എന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം ദില്ലിയിൽ നിന്ന് ഗോരഖ്പൂരിലേക്ക് സർവീസ് നടത്തിയ മറ്റൊരു ഇൻഡിഗോ വിമാനവും ലാൻഡിംഗിനിടയിൽ സമാനമായ ടെയിൽ സ്ട്രൈക്ക് നേരിട്ടിരുന്നു. ഇത്തരം സാങ്കേതിക പ്രശ്നങ്ങളും സംഭവങ്ങളും ആവർത്തിക്കുന്നതിൽ ഡിജിസിഎ (DGCA) ഗുരുതരമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ഡിജിസിഎ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

