ഇന്ത്യയ്ക്കുമേൽ അമേരിക്ക 50% തീരുവ ചുമത്തിയതിന് ഒരു ന്യായീകരണവുമില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ലോകത്ത് ഏറ്റവും ഉയർന്ന തീരുവ ചുമത്തപ്പെടേണ്ട
രാജ്യമല്ല ഇന്ത്യ. 15-20 ശതമാനത്തിലേക്ക് കുറഞ്ഞേപറ്റൂ.
നിലവിൽ ഇന്ത്യൻ വിപണിക്ക് താഴോട്ടുപോകാനുള്ള സമ്മർദമാണുള്ളതെന്നും നേരേമറിച്ച് അമേരിക്കൻ വിപണിക്കുള്ളത് ഉയരങ്ങളിലേക്ക് കുതിക്കാനുള്ള സമ്മർദമാണെന്നും രാജൻ പറഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയുടെ ദിശ എങ്ങോട്ടാണെന്ന സിഎ കുശാൽ ലോധയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജൻ. തീരുവ കുറഞ്ഞാൽ ഇന്ത്യൻ ഓഹരി വിപണി ശക്തമായി മുന്നേറുമെന്ന് രാജൻ പറഞ്ഞു.
കുറച്ചുകാലം മുൻപുവരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആഗോളതലത്തിൽ നിക്ഷേപകർക്കുള്ളിൽ ആഹ്ലാദമനോഭാവമുണ്ടായിരുന്നു. ഇന്ത്യ വളർച്ചയുടെ മണ്ണാണെന്ന് കരുതി.
എന്നാൽ, ആ മനോഭാവം ഇപ്പോൾ അമേരിക്കയിലേക്ക് തിരിഞ്ഞു. താരിഫ് വന്നതോടെ ഇന്ത്യയ്ക്കുമേൽ അശുഭവിശ്വാസമാണുള്ളതെന്നും രാജൻ പറഞ്ഞു.
കഴിഞ്ഞ ഒരുവർഷത്തോളമായി ഇന്ത്യൻ ഓഹരി വിപണി കാര്യമായ കുതിപ്പ് നടത്തിയിട്ടില്ല.
യുഎസുമായുള്ള തീരുവ ചർച്ചകൾ ശുഭകരമായാൽ ഇന്ത്യയുടെ വളർച്ച വീണ്ടും മെച്ചപ്പെടും. ഇന്ത്യയുടെ എതിരാളികൾക്ക് സമാനമായി താരിഫ് 15-20 ശതമാനത്തിലേക്ക് കുറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓഹരികൾക്ക് അധികരിച്ച വിലയാണുള്ളതെന്ന ആശങ്കയും രാജൻ തള്ളിക്കളഞ്ഞു.
ഇന്ത്യ, മികച്ചവളർച്ച നിരക്ക് കൈവരിക്കുകയാണെങ്കിൽ ഓഹരി വിപണി പിന്നാക്കം പോകേണ്ട ആവശ്യമില്ല.
ദീർഘകാലത്തിൽ ഓഹരി വിപണി മികച്ച പ്രകടനം നടത്തുമെന്നും രാജൻ പറഞ്ഞു.
നേരത്തേ ട്രംപ് ഇന്ത്യയ്ക്കുമേൽ 50 ശതമാനവും പാക്കിസ്ഥാന് 19 ശതമാനം മാത്രവും തീരുവ പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാജൻ നടത്തിയ പ്രസ്താവന വൻ ചർച്ചയായിരുന്നു. ട്രംപുമായി സൗഹൃദമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തിന് കിട്ടിയ അടിയാണിതെന്ന് രാജൻ പറഞ്ഞിരുന്നു.
അമേരിക്കയെ വിശ്വസിക്കാൻ പറ്റാതായെന്നും ദീർഘകാലമായി ഒപ്പംനിന്ന ഇന്ത്യയെ കൈവിട്ട് അവർ, പാക്കിസ്ഥാനോട് കൂടുതൽ അടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

