കാസർകോട്∙ മുസ്ലിംലീഗ് കോട്ടയായ കാസർകോട് നഗരസഭയിൽ യുഡിഎഫ് തിളക്കമേറിയ പത്തര മാറ്റ് വിജയത്തോടെ വീണ്ടും ഭരണത്തിലേക്ക്. ആകെ വാർഡ് 39, യുഡിഎഫ് 24 (മുസ്ലിംലീഗ് 22, കോൺഗ്രസ് 2), എൻഡിഎ 12, എൽഡിഎഫ് (സിപിഎം 1, എൽഡിഎഫ് സ്വതന്ത്രൻ 1), സ്വതന്ത്രൻ 1.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 21 സീറ്റ് ആയിരുന്നു.
കഴിഞ്ഞ 10 വർഷമായി സ്വതന്ത്ര സ്ഥാനാർഥി നിലനിർത്തിയ ഫിഷ്മാർക്കറ്റ് വാർഡ് ഉൾപ്പെടെ യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലിംലീഗ് മത്സരിച്ച 23 വാർഡുകളിൽ പിടിച്ചെടുത്ത ഒരു വാർഡ് ഉൾപ്പെടെ 22 സീറ്റും നേടിയപ്പോൾ കോൺഗ്രസ് പുതിയ വാർഡ് ഉൾപ്പെടെ രണ്ടു വാർഡുകൾ പിടിച്ചെടുത്ത് നഗരസഭയിൽ തിരികെയെത്തി.
14 വാർഡുകൾ ഉണ്ടായിരുന്ന എൻഡിഎയുടെ വിജയം 12 വാർഡിൽ ഒതുങ്ങി.
സിപിഎം ഒരു വാർഡ് ഉണ്ടായിരുന്നത് സ്വതന്ത്രൻ ഉൾപ്പെടെ രണ്ടു സീറ്റുകളായി ഉയർത്തി. കഴിഞ്ഞ 10 വർഷമായി സ്വതന്ത്ര സ്ഥാനാർഥി നിലനിർത്തുന്ന ഹൊന്നമൂല വാർഡ് ഇക്കുറിയും വിജയം അരക്കിട്ടുറപ്പിച്ചു.
എൽഡിഎഫ് പിന്തുണ നൽകിയിരുന്നുവെങ്കിലും പൊതു സ്വതന്ത്ര എന്ന നിലയിൽ തന്നെയായിരുന്നു ഹൊന്നമൂല (24) വാർഡിൽ ഷക്കീന മൊയ്തീൻ വിജയം സ്വന്തമാക്കിയത്.
നിലവിലുള്ള അംഗവും ബിജെപി സംസ്ഥാന സമിതി അംഗവുമായ റിട്ട.അധ്യാപിക സവിതയുടെ പരാജയം എൻഡിഎയ്ക്ക് കനത്ത തിരിച്ചടിയായി. വിദ്യാനഗർ സൗത്ത് വാർഡിൽ സ്ഥാനാർഥിയായിരുന്ന അവരെ മുസ്ലിംലീഗിലെ ബി.എ.ഐഷയാണ് പരാജയപ്പെടുത്തിയത്.
വിദ്യാനഗർ നോർത്ത് (11)വാർഡ്, കാസർകോട് കടപ്പുറം സൗത്ത് (37) വാർഡുകളാണ് കോൺഗ്രസ് ബിജെപിയിൽ നിന്നു പിടിച്ചെടുത്തത്.
ബിജെപിയുടെ ലൈറ്റ് ഹൗസ്( 39) വാർഡ് സ്വതന്ത്ര സ്ഥാനാർഥി വഴി എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. നഗരസഭയിൽ സീറ്റുകൾ കുറഞ്ഞത് ബിജെപിക്കു കനത്ത പ്രഹരമായി.
ബിജെപി കോട്ടയിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ചതാണ് ഇങ്ങനെ പരാജയപ്പെടാൻ കാരണമായതെന്നാണ് ബിജെപി ആരോപിക്കുന്നത്.
വിദ്യാനഗർ സൗത്ത് വാർഡിൽ എൻഡിഎ പരാജയപ്പെടാൻ കാരണം അവിടെ വോട്ടർപട്ടികയിൽ കൃത്രിമം നടന്നതു കൊണ്ടെന്നായിരുന്നു ബിജെപി ആരോപിക്കുന്നത്. യുഡിഎഫ് മിന്നും വിജയം നേടിയ നഗരസഭയിൽ അധ്യക്ഷ പദവിയിലേക്ക് ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാഹിന സലീം ആണ് മുസ്ലിംലീഗ് പരിഗണനയിലുള്ളത്.
തുരുത്തി (16) വാർഡിൽ നിന്നാണ് അവർ നഗരസഭ അംഗ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

