മൂന്നാർ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വലിയ ബസുകൾ പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനം ഈ ഓണക്കാലത്ത് നടപ്പിലാകില്ല. മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല, വട്ടവട തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനാണ് കഴിഞ്ഞ മെയ് മാസത്തിൽ ദേവികുളം, മൂന്നാർ പഞ്ചായത്തുകൾ ചേർന്ന് വലിയ ബസുകളുടെ പ്രവേശനം തടയാനും ഇ-പാസ് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചത്.
എന്നാൽ, ബസ് ഇറങ്ങിയ ശേഷം വിനോദസഞ്ചാരികൾക്ക് വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ആശ്രയിക്കേണ്ട ജീപ്പ്, ഓട്ടോറിക്ഷ തുടങ്ങിയ ടാക്സി വാഹനങ്ങളുടെ നിരക്കുകൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ നടപ്പാക്കൽ നീളുന്നത്. ഈ വർഷത്തെ ഓഗസ്റ്റ് ആദ്യവാരത്തിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാനായിരുന്നു അധികൃതർ ലക്ഷ്യമിട്ടിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

