ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു. ഭരണഘടനയ്ക്ക് നിരക്കാത്ത നടപടികളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും സമാനമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നൽകുന്നത് ഒഴുക്കൻ മറുപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്നത്തെ സർക്കാർ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും സർക്കാരിന്റെ അധികാരപരിധിയിലേക്ക് ഗവർണർ കടന്നുകയറുന്നതിനെതിരെ ശക്തമായ നിലപാട് അന്ന് എൽഡിഎഫ് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൽഡിഎഫ് സർക്കാർ അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്നത് കേരളീയ സമൂഹത്തിന് അറിയാവുന്ന കാര്യമാണ്. എന്നാൽ നിലവിലെ സർക്കാർ സംഘപരിവാറിന് വിധേയപ്പെടുന്ന സമീപനമാണ് തുടർച്ചയായി സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നൽകുമെങ്കിലും സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നും പിണറായി വിജയൻ ആരോപിച്ചു.
കേരള വിസി ഡോ. മോഹൻ കുന്നുമ്മലിനെതിരെയും പ്രതിപക്ഷ നേതാവ് കടുത്ത വിമർശനം ഉന്നയിച്ചു.
വിദ്യാർത്ഥികൾ വിസിയെ പരസ്യമായി തള്ളിക്കളഞ്ഞ സാഹചര്യത്തിലും ഐഷി ഘോഷിനെ തടഞ്ഞ സംഭവത്തിലും സർക്കാർ കുറ്റകരമായ മൗനമാണ് പാലിക്കുന്നത്. ഓണത്തിന് മുമ്പ് ക്ഷേമ പെൻഷൻ ലഭിക്കുമെന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണുള്ളത്.
മൂന്ന് മാസംകൊണ്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതി മാറ്റിമറിച്ചു കാണിച്ചുതരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദമെങ്കിലും, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽത്തന്നെ കടമെടുപ്പ് പരിധി കവിഞ്ഞിരിക്കുകയാണ്. ഇനിവരുന്ന മാസങ്ങളിലെ കടമെടുപ്പിനായി വെറും 2,022 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്.
ഇത് വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകും. മുൻകാലങ്ങളിൽ കടം വാങ്ങുന്നതിനെതിരെ സംസാരിച്ച മുഖ്യമന്ത്രി, അന്ന് താൻ പറഞ്ഞത് തെറ്റാണെന്ന് തുറന്നുപറയാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം.
കടം വാങ്ങുന്നത് സർക്കാരിന് നല്ലതാണോയെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം.
എന്നാൽ ഇപ്പോൾ പൂവുമില്ല, പൂമ്പാറ്റയുമില്ല, തേനുമില്ല; കടം മാത്രമാണ് ബാക്കിയായിട്ടുള്ളത്. തങ്ങൾ അധികാരമൊഴിയുമ്പോൾ 6,000 കോടി രൂപ മിച്ചമുണ്ടായിരുന്ന ഖജനാവാണ് എൽഡിഎഫ് സർക്കാർ കൈമാറിയതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

