മലയാള സിനിമകളോടും സംസ്കാരത്തോടുമുള്ള തന്റെ പ്രത്യേക താല്പര്യം തുറന്നുപറഞ്ഞ് സിവിൽ ഏവിയേഷൻ മന്ത്രി കെ.റാം മോഹൻ നായിഡു. കൊച്ചിയിൽ നടന്ന ഒരു പൊതുവേദിയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം മനസ്സ് തുറന്നത്.
മലയാളത്തിൽ ഒരുപാട് നല്ല സിനിമകളും കഥകളുമാണ് വരാറുള്ളതെന്നും തന്റെ ഇഷ്ട നടന്മാർ മോഹൻലാലും ഫഹദ് ഫാസിലുമാണെന്നും മന്ത്രി വ്യക്തമാക്കിച്ചു.
ഒപ്പം ദുർഖർ സൽമാനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും, തന്റെ അമ്മയ്ക്കും ദുൽഖറിനെ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ വിശേഷങ്ങൾക്ക് പുറമെ കേരളത്തിന്റെ വ്യോമയാന മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും മന്ത്രി ചർച്ച ചെയ്തു.
ഉത്സവ സീസണുകളിൽ പ്രവാസികൾ നേരിടുന്ന ഉയർന്ന വിമാന നിരക്ക് സംബന്ധിച്ച ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഓണം, ക്രിസ്മസ് പോലുള്ള വേളകളിൽ കേരളത്തിലേക്ക് വരുന്നവർക്കായി വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും കമ്പനികൾ തമ്മിലുള്ള മത്സരം കൂടുമ്പോൾ ടിക്കറ്റ് നിരക്ക് സ്വാഭാവികമായും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എംപിമാർ ഈ വിഷയം ഗൗരവമായി ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സർവീസുകൾ കൂട്ടാൻ എയർലൈൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിമാന സർവീസുകളുടെ തടസ്സങ്ങളും വൈകലുകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി, യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സാധാരണക്കാർക്കായി 10 രൂപ നിരക്കിൽ ചായ ലഭിക്കുന്ന ‘ഉഡാൻ യാത്രി കഫേ’ എല്ലാ വിമാനത്താവളങ്ങളിലും നടപ്പിലാക്കും. കൂടാതെ, ആഭ്യന്തര വിമാനത്താവളങ്ങളിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ബുക്ക് ഷെൽഫുകൾ ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാർക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനം റദ്ദാക്കുന്ന സന്ദർഭങ്ങളിൽ യാത്രക്കാർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ വിമാനത്താവളത്തിൽ ഫ്ലൈയിങ് അക്കാദമി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട
ചോദ്യത്തിന്, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ആ ആശയം വളരെ അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പ്രവാസികൾ ഏറെ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവള വികസനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
റൺവേ വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കാലാവസ്ഥയും സാമഗ്രികളുടെ ലഭ്യതക്കുറവും വെല്ലുവിളിയാണെങ്കിലും സംസ്ഥാന സർക്കാരുമായി സഹകരിച്ച് അടുത്ത വർഷത്തോടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വരും നാളുകളിൽ കോഴിക്കോടേക്കും കണ്ണൂരിലേക്കും കൂടുതൽ രാജ്യാന്തര സർവീസുകൾ എത്തും.
കേരളീയ ഭക്ഷണങ്ങളിൽ മീനും തേങ്ങയും ചേർത്തുണ്ടാക്കുന്ന വിഭവങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം ചിരിയോടെ ഓർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

