ഓണം വിപണി ലക്ഷ്യമിട്ട് ജില്ലയിൽ വിൽപനയ്ക്കെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് കർശനമായ പരിശോധനകൾ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ പാൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
പരിശോധനയുടെ ഭാഗമായി ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ആസ്ഥാന ലാബിൽ 25 സാംപിളുകൾ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കി. ആശ്വാസകരമായി, ഈ സാംപിളുകളിൽ ഒന്നിനിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
നിലവിൽ അനലറ്റിക്കൽ ലബോറട്ടറി പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ വകുപ്പിന്റെ മറ്റ് ലാബുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
പാലിൽ സസ്യഎണ്ണ, മൃഗക്കൊഴുപ്പ്, ദ്രവസോപ്പ്, ഡെക്സ്ട്രോസ്, കാസ്റ്റിക് സോഡ, കാർബോക്സി മീതൈൽ സെല്ലുലോസ്, ജലാറ്റിൻ തുടങ്ങിയ മായങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് ഈ ലാബിലെ പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. പൊതുജനങ്ങൾക്കും ക്ഷീരകർഷകർക്കും വിൽപനക്കാർക്കും പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്താം.
പരാതികൾ അറിയിക്കാനും പരിശോധനകൾക്കുമായി 9605719492 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസവും ലാബ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ബുധനാഴ്ചകളിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാകും.
സാധാരണ ദിവസങ്ങളിൽ ജില്ലയിൽ 3 ലക്ഷം ലീറ്റർ പാൽ ആവശ്യമായി വരുമ്പോൾ, ഓണം ദിവസങ്ങളിൽ ഇത് പ്രതിദിനം 5 ലക്ഷം ലീറ്ററായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മിൽമയ്ക്ക് പുറമെ 30 സ്വകാര്യ കവർപാൽ ഉൽപാദന വിതരണക്കാരാണ് ജില്ലയിലുള്ളത്.
ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പാൽ എത്താൻ സാധ്യതയുള്ളതിനാലും, ശുദ്ധമായ പാൽ പെട്ടെന്നു കേടാകാതിരിക്കാൻ ഫോർമലിൻ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ടോയെന്ന ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും സ്പെഷൽ പരിശോധനകൾ തുടരുമെന്നും ഉദ്യോഗസ്ഥർ നേരിട്ട് വിപണിയിലെത്തി സാംപിളുകൾ ശേഖരിക്കുമെന്നും ജിസ ജോസഫ് (ജില്ലാ ക്വാളിറ്റി കൺട്രോളർ ഓഫിസർ, ക്ഷീരവികസന വകുപ്പ്, കോട്ടയം) അറിയിച്ചു.
നിലവാരമില്ലാത്ത പാൽ വിപണിയിൽ കണ്ടെത്തിയാൽ ക്ഷീരവികസന വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയും കർശന നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്യും. ആരോഗ്യത്തിനു ഹാനികരമായ ഫോർമലിൻ, ബോറിക് ആസിഡ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വകുപ്പും പ്രത്യേകം പരിശോധിക്കും.
ജില്ലയിലെ 12 ബ്ലോക്കുകളിലായി 250 പാൽ സംഘങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

