ചിറയിൻകീഴ് ∙ 80 വർഷമായി താമസിക്കുന്ന പുരയിടത്തിൽ 3 വർഷം മുൻപാണ് ലീലയ്ക്ക് 5 സെന്റ് പതിച്ചു കിട്ടിയത്. കഠിനംകുളം കായലിന്റെ കരയിൽ ചതുപ്പുനിറഞ്ഞു കാടുപിടിച്ചയിടത്ത് ഒറ്റപ്പെട്ട
വീട്ടിലാണു ലീലയും മകൻ ദിലീപും കുടുംബവും താമസിക്കുന്നത്. നേരത്തേയുണ്ടായിരുന്ന മൺചുമരു കെട്ടിയ വീടുപൊളിച്ചു കളഞ്ഞ് ദിലീപ്, പതിച്ചുകിട്ടിയ ഭൂമിയിൽ ബോർഡും ഷീറ്റും കൊണ്ടു പുതിയ കൂരയുണ്ടാക്കി.
ഇവിടെ ഉറങ്ങുമ്പോഴാണു മകൻ ദിക്ഷലിന് ഇന്നലെ പുലർച്ചെ പാമ്പുകടിയേറ്റത്. ആകെ ഇടുങ്ങിയ ആ കൂരയ്ക്കുള്ളിൽ 2 മുറിയും ചെറിയൊരു ഹാളും മാത്രമാണുള്ളത്.
മുറികളിലൊന്നിൽ ദിലീപും ഭാര്യ അനുവും മകൾ ദൃക്ഷികയും കിടക്കും. രണ്ടാമത്തെ ഹാളിൽ ലീലയും മകൾ ലിജിയും ദിക്ഷലും ഉറങ്ങും.
ലിജി കട്ടിലിലും ലീലയും ദിക്ഷലും ടാർപോളിൻ ഷീറ്റ് വിരിച്ച വെറും നിലത്തു പായ വിരിച്ചും കിടക്കും.
ബുധനാഴ്ച രാത്രിയും എല്ലാം പതിവു പോലെ തന്നെയായിരുന്നു. ലീലയും ദിക്ഷലും ഉറങ്ങുമ്പോഴാണ് മൂർഖൻ പാമ്പ് വീടിനുള്ളിലേക്ക് ഇഴഞ്ഞെത്തി ദിക്ഷലിന്റെ ഇടത്തേക്കാലിന്റെ പെരുവിരലിൽ കടിച്ചത്.
എന്തോ കടിച്ചെന്ന് പറഞ്ഞു കരഞ്ഞുണർന്ന ദിക്ഷൽ തന്നെ എഴുന്നേറ്റ് ലൈറ്റിട്ടു. കരച്ചിൽ കേട്ടെത്തിയ ദിലീപും അനുവും മുറിയാകെ പരതിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
മകന്റെ കരച്ചിൽ കണ്ടപ്പോൾ കാര്യം പന്തിയല്ലെന്ന് ദിലീപിനു മനസ്സിലായി. ബൈക്കിൽ അനുവിനെയും മകനെയും കൂട്ടി ചിറയിൻകീഴ് ആശുപത്രിയിലേക്ക്.
മാഞ്ഞൂ, കളിചിരികൾ
എപ്പോഴും കളിചിരിയുമായി നടക്കാറുള്ള ദിക്ഷലിനെയാണ് നാട്ടുകാർക്കു പരിചയം.
പഠനത്തിലും മിടുക്കനാണ്. ചിത്രം വരയാണ് ഹോബി.
രണ്ടാം ക്ലാസിൽനിന്നു മൂന്നിലേക്കു കടക്കാനുള്ള ഒരുക്കത്തിലായിരുന്നു അവൻ. ഇന്നലെ പുലർച്ചെ വരെ ഉറങ്ങിയ വീട്ടിലേക്ക് വൈകിട്ട് ദിക്ഷൽ വീണ്ടുമെത്തി.
അപ്പോൾ കളിയും ചിരിയുമില്ലായിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിൽ നിന്നു പോയ കുട്ടി നിശ്ശബ്ദനായി കിടന്നു.
അപ്പോൾ അവിടെ കൂടിയിരുന്നവരുടെ കണ്ണുകളാണു നിറഞ്ഞൊഴുകിയത്.
മനസ്സുനീറി ലീല
തനിക്കൊപ്പം ഉറങ്ങിയ പേരക്കുട്ടി ദിക്ഷൽ എന്ന ദിച്ചു ഇനി ഉണരില്ലെന്ന തിരിച്ചറിവിൽ നീറുകയാണ് അമ്മൂമ്മ ലീല. ‘കട്ടിലിൽ എന്റെ മകൾ ലിജി കിടന്നു.
ഞാനും ചെറുമോൻ ദിക്ഷലും തറയിൽ. രാത്രി രണ്ട് രണ്ടരയായിട്ടുണ്ടാകും.
മോൻ ഉണർന്നു കരച്ചിലായി. ‘എന്റെ കാല് വേദനിക്കുന്നു, എന്നെ എന്തോ കടിച്ചു’ എന്നു പറഞ്ഞു.
എന്താണെന്ന് ഞങ്ങൾക്ക് കണ്ടപ്പോൾ മനസ്സിലായില്ല. ലൈറ്റ് ഇട്ടു നോക്കിയപ്പോൾ കാലിന്റെ തള്ളവിരലിൽ മുറിവുണ്ട്.
അപ്പോൾ തന്നെ അപ്പുറത്തെ മുറിയിൽ നിന്ന് ദിലീപും അനുവും വന്നു. അവർ ബൈക്കിലിരുത്തി മോനെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
മൊബൈലിന്റെ വെളിച്ചമൊക്കെ അടിച്ച് നോക്കിയിട്ട് ഒന്നും കണ്ടില്ല. രാവിലെ നാട്ടുകാർ വന്ന് എല്ലായിടത്തും തിരഞ്ഞപ്പോഴാണ് പുറത്തു നിന്ന് പാമ്പിനെ കിട്ടിയത്.
രണ്ടു വർഷത്തോളമായി ഞാനും ദിക്ഷലും ഒന്നിച്ചാണ് കിടക്കാറ്. ’
വീടിന് അപേക്ഷയുമായി കയറിയിറങ്ങി
സ്വന്തമായി വീടില്ലാത്ത ലീലയും കുടുംബവും വീടിനായി ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അടുത്തയിടെ പ്രധാൻമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീടിന് അംഗീകാരമായെന്ന് പ്രദേശത്തെ ജനപ്രതിനിധികൾ പറയുന്നു. എന്നാൽ എല്ലാം കടലാസിൽ മാത്രമൊതുങ്ങുകയാണ്.
പാമ്പിനെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ
നിറയെ കാടുപിടിച്ചു കിടക്കുന്ന ചതുപ്പ് ഭൂമിയാണെങ്കിലും ഇതുവരെ വിഷമുള്ളയിനം പാമ്പുകളെ ഈ പ്രദേശത്തു കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇടയ്ക്ക് ചേരയെ കണ്ടിട്ടുണ്ടെങ്കിലും മറ്റിനം പാമ്പുകളെയൊന്നും കണ്ടതായി വിവരമില്ല. കഴിഞ്ഞ ദിവസം അടുത്തുള്ള പറമ്പിലെ മരങ്ങൾ മുറിച്ചിരുന്നു.
കാട് വെട്ടിത്തെളിച്ചപ്പോൾ പുറത്തിറങ്ങിയതാവാം ദിക്ഷലിനെ കടിച്ച മൂർഖൻ എന്നാണു നാട്ടുകാർ കരുതുന്നത്.
ആശുപത്രി അധികൃതർക്കെതിരെ ദിക്ഷലിന്റെ പിതാവ്; ‘ മോൻ വേദനിച്ചു കരഞ്ഞപ്പോൾ അവർ അവഗണിച്ചു; പരിഹസിച്ചു’
ചിറയിൻകീഴ് ∙ പാമ്പുകടിയേറ്റ മകൻ ദിക്ഷലിനെയും കൊണ്ട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ തികഞ്ഞ അവഗണനയും പരിഹാസവുമാണു നേരിട്ടതെന്ന് അച്ഛൻ ദിലീപ്. ‘കാലിൽ എന്തോ കടിച്ചെന്നു പറഞ്ഞു മോൻ കരയുന്നതു കേട്ടാണ് ഞങ്ങൾ ചെന്നത്.
കാലിൽ കടിച്ചെന്നു കേട്ടപ്പോൾ തന്നെ സംശയം തോന്നി. മുറിയിൽ നോക്കിയപ്പോൾ ഒന്നും കണ്ടില്ല.
മോനെയും കൊണ്ട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തി. എന്താണ് കടിച്ചതെന്ന് അറിയില്ല.
ചെറിയ മുറിവാണ്. പഴുതാരയോ മറ്റോ ആണെന്നാണു കരുതിയത്.
ആശുപത്രിയിൽ കൊണ്ടു ചെല്ലുമ്പോൾ പ്രശ്നമില്ലായിരുന്നു. അവന് കാലിൽ വേദനയുണ്ടെന്നു പറഞ്ഞു.
സംസാരിക്കുന്നുണ്ടായിരുന്നു. രക്തം പരിശോധിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
പിന്നാലെ അവൻ ഛർദിക്കണമെന്നു പറഞ്ഞു. ശ്വാസമെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടായി.
തല കറങ്ങുന്നു, എല്ലാവരെയും രണ്ടായി കാണുന്നു എന്നു പറഞ്ഞു. സംസാരിക്കാൻ പറ്റാതെ ആംഗ്യം കാണിച്ചു.
ചിറയിൻകീഴ് ആശുപത്രിയിൽനിന്ന് ഡ്രിപ്പ് മാത്രമേ നൽകിയുള്ളൂ. ആംബുലൻസിൽ പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അനക്കമില്ലാതായി.
ക്ഷീണം കൊണ്ടാണെന്നു കരുതി. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ പൾസ് ഉണ്ടായിരുന്നില്ല.
അവൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതർ ഗൗരവത്തിലെടുത്തില്ല.
മൂങ്ങ കടിച്ചോ, കടന്നൽ കടിച്ചോ എന്നൊക്കെ തമാശയായി ചോദിച്ചു കൊണ്ടിരുന്നു. അപ്പോഴേക്ക് അവന് വെപ്രാളമായിപ്പോയി.
കഫം വന്ന് തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണ്, കൈ വായിലിട്ടു ഛർദിപ്പിക്കാൻ ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ വായിൽ കയ്യിട്ടു നോക്കി.
ഛർദിക്കാൻ കഴിഞ്ഞില്ല. എന്തോ വലിയ സാധനം കാലിൽ കയറി കടിച്ചെന്നാണ് ദിക്ഷൽ പറഞ്ഞത്.’
വീഴ്ചയില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം ∙ ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ഡോ.ഷീജയുടെ റിപ്പോർട്ട്.
കുട്ടിക്ക് ആന്റിവെനം നൽകാത്തതു സംബന്ധിച്ച് സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് തേടിയിരുന്നു. അജ്ഞാതജീവിയുടെ കടിയേറ്റ നിലയിൽ കുട്ടിയെ 23ന് പുലർച്ചെ 2.45 നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കടിയേറ്റ സ്ഥലത്ത് വേദനയുണ്ടെന്നു കുട്ടി പറഞ്ഞു. പരിശോധനയിൽ കുമിളകൾ ഇല്ലാത്ത ഒരു കടിയേറ്റ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഓക്സിജൻ ലവൽ 98% ആയിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട്, തലകറക്കം, കാഴ്ച മങ്ങൽ പോലുള്ള ന്യൂറോളജിക്കൽ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു.
100 മില്ലിഗ്രാം ഹൈഡ്രോ കോർട്ടിസോൺ എന്ന മരുന്നു നൽകി. കുട്ടിക്കു ദാഹം ഉണ്ടായെങ്കിലും പിന്നീട് വെള്ളം ഛർദിച്ചു.
പുലർച്ചെ 3.05 ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.
പാമ്പുകടി സുരക്ഷയൊരുക്കാൻ വനംവകുപ്പ്
തിരുവനന്തപുരം ∙ കേരളത്തിൽ പാമ്പുകടിയേറ്റ് 3 പേർ മരിച്ച സാഹചര്യത്തിൽ ജനവാസമേഖലകളിൽ പാമ്പുകൾ മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ നിർദേശിച്ചു. ‘വേനൽക്കാലം, വിഷപ്പാമ്പുകളുടെ പ്രജനനകാലം’ എന്നീ സാഹചര്യങ്ങളിൽ പാലിക്കേണ്ട
മുൻകരുതലുകൾ സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡുതലത്തിൽ പാമ്പ്, പാമ്പ് വിഷബാധ ഒഴിവാക്കൽ അവബോധം എത്തിക്കും. സർപ്പ വൊളന്റിയർമാരും വനപാലകരും നേതൃത്വം നൽകും.
വനംവകുപ്പിന്റെ പരിശീലനം സിദ്ധിച്ച 3600 ഓളം സർപ്പ വൊളന്റിയർമാർ സന്നദ്ധരാണ്. പാമ്പുകളെ അപകടകരമായി കാണപ്പെടുമ്പോൾ അവയെ സുരക്ഷിതമായി പിടികൂടി വിട്ടയയ്ക്കുന്നതിന് ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. വിദ്യാർഥികളിലും ജനങ്ങളിലും പാമ്പുകളെയും പാമ്പുവിഷബാധയെയും സംബന്ധിച്ച് അവബോധം എത്തിക്കാൻ വനംവകുപ്പ് ‘സർപ്പപാഠം’ എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഇതിനായി 72 സർപ്പ എജ്യൂക്കേറ്റർമാർക്കു പരിശീലനം നൽകി സജ്ജരാക്കി. ‘സർപ്പ’ പ്രവർത്തനം ആരംഭിച്ച ശേഷം പാമ്പുകടി മൂലമുള്ള അപകടങ്ങൾ 5 വർഷത്തിനിടെ ആറിലൊന്നായി ചുരുങ്ങിയതായും 2025-26 ൽ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

