വൈക്കം ∙ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകളിൽ മിക്കതും പ്രീമിയം ബസുകൾ ആക്കിയതോടെ രാത്രി വൈക്കത്ത് യാത്രാക്ലേശം രൂക്ഷമായി. പ്രീമിയം ബസുകൾക്ക് സ്റ്റോപ് കുറവായതാണു യാത്രാ ദുരിതത്തിനു പ്രധാന കാരണം.
രാത്രി 7.30 കഴിഞ്ഞാൽ കോട്ടയം, എറണാകുളം ഭാഗത്തേക്കുള്ള ബസുകളുടെ എണ്ണം തീരെ കുറവാണ്. ഒട്ടേറെ യാത്രക്കാരാണ് ഈ സമയങ്ങളിൽ വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുന്നത്.
രാത്രി 7.30ന് പാലാ, തൊടുപുഴ ഭാഗത്തേക്കുള്ള ബസുകൾ പോയാൽ പിന്നീട് എറണാകുളത്ത് നിന്നെത്തുന്ന ചങ്ങനാശേരി, ചെങ്ങന്നൂർ- ശൂരനാട് സൂപ്പർ ഫാസ്റ്റ് ബസുകളാണു തലയോലപ്പറമ്പ് ഭാഗത്തേക്കുള്ളത്.
പല ദിവസങ്ങളിലും ഈ ബസുകൾ മുടങ്ങുന്നതു പതിവാണ്. രാത്രി 9ന് എറണാകുളത്ത് നിന്നെത്തുന്ന മധുര ബസാണ് യാത്രക്കാരുടെ ഏക ആശ്രയം.
മുൻപ് സൂപ്പർ ഫാസ്റ്റ് ബസായിരുന്നു ഇത്. സൂപ്പർ ഫാസ്റ്റ് പ്രീമിയം ആക്കിയതോടെ കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിൽ മാത്രമാണു ബസിനു സ്റ്റോപ്പുള്ളത്.
തലയോലപ്പറമ്പിലെ സ്റ്റോപ് ഇല്ലാതായി. പിന്നീട് 10 മണിയോടെ എത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ആശ്രയം.
7.40ന് എറണാകുളം ഭാഗത്തേക്കുള്ള ഓർഡിനറി ബസ് പോയാൽ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് യാത്രക്കാരുടെ ആശ്രയം.
യാത്രക്കാർ ഏറെയുള്ളതിനാൽ ബസിൽ നല്ല തിരക്കാണ്. പിന്നീട് മധുരയിൽനിന്നു തിരികെ എറണാകുളത്തേക്കു പോകുന്ന ബസും കാഞ്ഞങ്ങാട് ബസും എത്തുമെങ്കിലും രണ്ടും സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളാക്കി.
ഈ ബസുകൾക്ക് സൗത്ത് പറവൂരിലും തൃപ്പൂണിത്തുറയിലും മാത്രമാണു സ്റ്റോപ് ഉള്ളത്. നാനാടത്തും ചെമ്പിലും ബസുകൾ നിർത്തില്ല.
ഇതോടെ കുറഞ്ഞ ദൂരം സഞ്ചരിക്കേണ്ട യാത്രക്കാർ ദുരിതത്തിലായി.
സ്വകാര്യ സ്ഥാപനത്തിലും മറ്റും ജോലി ചെയ്യുന്നവർ, താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ ഉൾപ്പെടെ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട
ഗതികേടിലാണ്. യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നതാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

