കാക്കനാട്∙ ഓർമ നഷ്ടപ്പെട്ടു വീടു വിട്ടിറങ്ങിയ മകനെ 2 വർഷങ്ങൾക്കു ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം ആര്യനാട് പറന്തോട് സ്വദേശിനി ഷൈലാ ബീവി. പൂർണമായും ഓർമ നഷ്ടപ്പെട്ടു കോതമംഗലം പീസ് വാലിയിൽ താമസിച്ചിരുന്ന ഷാൻ (38) ഇടയ്ക്കിടെ പറന്തോട് എന്നു പറയുമായിരുന്നു.
പീസ് വാലി അധികൃതർ ഗൂഗിൾ സ്ട്രീറ്റ് വ്യൂ മുഖേന നടത്തിയ തിരച്ചിലിലാണ് നാടും അതുവഴി വീടും കണ്ടെത്തിയത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു നടന്നിരുന്ന ഷാനിനെ പൊലീസ് രണ്ട് വർഷം മുൻപു ആദ്യം എത്തിച്ചത് കൂനമ്മാവിലെ അഗതി മന്ദിരത്തിലാണ്. നാടും വീടും സംബന്ധിച്ച് ഒരു വിവരവും പറയാവുന്ന അവസ്ഥയിൽ അല്ലായിരുന്നു.
പൂർണമായും ഓർമ നഷ്ടപ്പെട്ടതോടെ വിദഗ്ധ ചികിത്സയ്ക്കും പരിചരണത്തിനുമായി ജില്ലാ സാമൂഹിക നീതി വകുപ്പ് ഇടപെട്ട് 4 മാസം മുൻപാണ് ഷാനിനെ പീസ് വാലിയിൽ എത്തിച്ചത്. ചികിത്സയും കൗൺസലിങ്ങും വഴി ഷാനിന്റെ ഓർമ ഭാഗികമായി വീണ്ടെടുത്തതോടെയാണ് നാടിനെക്കുറിച്ചു സൂചന ലഭിച്ചത്.
ഇന്നലെ ബന്ധുവിനൊപ്പം കലക്ടറേറ്റിലെത്തിയ ഷൈലാ ബീവിക്ക് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു ജേക്കബിന്റെ സാന്നിധ്യത്തിൽ ഷാനിനെ കൈമാറി.
ജില്ലാ സാമൂഹിക നീതി ഓഫിസർ ജോൺ ജോഷി, പീസ് വാലി ഭാരവാഹികളായ വി.എ.ഷംസുദ്ദീൻ, ഷെഫിൻ നാസർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

