കൽപറ്റ ∙ കൊടും ചൂടിൽ വാടിത്തളരുകയാണ് ക്ഷീരമേഖല. വേനൽ കടുത്തതോടെ പാലുൽപാദനം കുറയുമെന്ന ആശങ്കയോടൊപ്പം പച്ചപ്പുൽ ക്ഷാമവും കാലിത്തീറ്റ വിലവർധനയും കർഷകരെ വലയ്ക്കുകയാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം പാൽ ഉൽപാദനമുള്ള രണ്ടാമത്തെ ജില്ലയാണു വയനാട്. പാൽ ഉൽപാദന സാന്ദ്രതയിൽ വയനാടിനാണു സംസ്ഥാനത്ത് ഒന്നാം സ്ഥാനം.
ചൂട് ഉയർന്നുനിൽക്കുന്നതു കാരണം ഇൗ മാസത്തെ കണക്കെടുപ്പിൽ പാൽ ഉൽപാദനം കുറയുമെന്നാണു വിലയിരുത്തൽ. വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് ആവശ്യമായ കുടിവെള്ളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണു പല ക്ഷീരകർഷകരും.
ചൂടു കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങൾ കൂടുകളിൽ ഒരുക്കണമെങ്കിൽ ചെലവേറും. ചൂട് കൂടി നിൽക്കുന്നതിനാൽ കന്നുകാലികളെ തൊഴുത്തിനു പുറത്തെത്തിച്ചു വളരെ നേരം മേയ്ക്കാനും കഴിയില്ല.
കൂടുതൽ നേരം വെയിലത്തുനിൽക്കുന്ന കന്നുകാലികൾക്കു പലവിധ രോഗങ്ങൾ പിടിപെടുന്നു. വരാനിരിക്കുന്ന പ്രതിസന്ധി മുന്നിൽക്കണ്ട് പശുക്കളെ വിറ്റൊഴിവാക്കാനുള്ള ശ്രമം നടത്തുന്ന കർഷകരുമുണ്ട്.
ചൂടിനു പുറമേ വിലക്കയറ്റവും
സ്വകാര്യ കമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് നിലവിൽ 1500 രൂപയ്ക്കു മുകളിലാണ് വില.
പച്ചപ്പുല്ലിനു ക്ഷാമം നേരിട്ടതോടെ വൈക്കോൽ കൊടുത്താണു പല ക്ഷീരകർഷകരും പശുക്കളുടെ ജീവൻ നിലനിർത്തുന്നത്. 20 കിലോഗ്രാം റോൾ വൈക്കോലിന് നിലവിൽ 240–260 രൂപ വരെയാണ് വില.
ഡിമാൻഡ് കൂടിയതോടെ വില വരുംദിവസങ്ങളിൽ ഉയർന്നേക്കുമെന്ന ആശങ്കയും ക്ഷീരകർഷകർക്കുണ്ട്.
പശുക്കൾക്കു വിശപ്പകറ്റാമെന്നല്ലാതെ വൈക്കോൽ നൽകിയാൽ പാൽ ഉൽപാദനത്തിൽ വർധനയുണ്ടാകില്ലെന്നു ക്ഷീരകർഷകർ പറയുന്നു. മാത്രവുമല്ല, പച്ചപ്പുല്ലിനു പകരം എന്നും വൈക്കോലാണെങ്കിൽ കന്നുകാലികൾ ആവശ്യത്തിനു തിന്നാനും മടിക്കും.
കർണാടകയിൽനിന്നു ചോളത്തണ്ടുകൾ എത്തുന്നതും കുറഞ്ഞു.
വേനൽ കടുത്തതോടെ കുടിവെള്ള ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് ഒരു പശുവിന് പ്രതിദിനം കുറഞ്ഞത് 100 ലീറ്റർ എന്ന തോതിലാണു നൽകേണ്ടത്.
എന്നാൽ, കടുത്ത വേനലിൽ ജലാശയങ്ങളിൽ ജലലഭ്യത കുറഞ്ഞതിനാൽ പല ക്ഷീരകർഷകർക്കും ആവശ്യത്തിനു കുടിവെള്ളം പശുക്കൾക്ക് നൽകാനാകുന്നില്ല. പലയിടത്തും ഒരു കിലോഗ്രാം ചോളത്തണ്ടിന് 5.50 രൂപ വരെയാണ് ഈടാക്കുന്നതെന്നു കർഷകർ പറയുന്നു.
അതു തന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണയേ ലഭിക്കുന്നുള്ളൂ.
ചോളത്തണ്ട് കിട്ടാനില്ല
ക്ഷീര സംഘങ്ങളിൽ നിന്നു സബ്സിഡി നിരക്കിൽ ചോളത്തണ്ടുകൾ കിട്ടിയിരുന്നതു നിലച്ചു. എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയുടെ വിലയിലും വർധനയുണ്ടായി.
15 ലീറ്റർ പാൽ തരുന്ന പശുവിനു തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി 500 രൂപയോളം ചെലവു വരുമെന്നു കർഷകർ പറയുന്നു. തരിശുനിലങ്ങൾ ക്ഷീരകർഷകർക്ക് പാട്ടത്തിനു നൽകി തീറ്റപ്പുൽ കൃഷി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
മൃഗചികിത്സാ ചെലവിലെ വർധനയും തീറ്റപ്പുൽ വളർത്തുന്നതിന് ആവശ്യമായ സ്ഥലപരിമിതിയും കാലികളുടെ എണ്ണത്തിലുണ്ടായ കുറവും ഇതരസംസ്ഥാനങ്ങളിൽ നിന്നു ഗുണനിലവാരം കുറഞ്ഞ പാൽ കുറഞ്ഞ വിലയ്ക്ക് കേരളത്തിലെത്തുന്നതുമെല്ലാം ക്ഷീരമേഖലയ്ക്കു തിരിച്ചടിയാണ്.
നിലവിലെ സാഹചര്യത്തിൽ ലീറ്ററിന് 50 രൂപയെങ്കിലും കർഷകന് ലഭിച്ചാലേ ഇൗ മേഖലയിൽ പിടിച്ചുനിൽക്കാനാകു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

