പുൽപള്ളി ∙ അനേകം സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ കോളറാട്ടുകുന്ന് വനപ്രദേശത്തേക്കുള്ള യാത്ര വനംവകുപ്പ് വിലക്കി. കോളറാട്ടുകുന്നിൽ നിന്നു മഠാപ്പറമ്പിലേക്കുള്ള വഴിയരികിലെ പൊത്തുതാന്നി വനപാലകർ മുള്ളുവച്ച് അടച്ചുകെട്ടി.
ഇതുവഴി വരുന്ന ഏതൊരാളെയും ആകർഷിച്ചിരുന്ന പൊത്തുതാന്നിക്ക് ഒത്തിരി കഥകളുണ്ട്. മരച്ചുവട്ടിലെ വലിയ പൊത്താണ് ഈ താന്നിമരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയത്.
നിരവധി സഞ്ചാരികളുടെ റീൽസിൽ പൊത്തുതാന്നിയുണ്ട്.
വനത്തിൽ കാലിമേയ്ക്കാനെത്തുന്നവർ വിശ്രമിച്ചിരുന്നത് മരത്തിലെ പൊത്തിലായിരുന്നു. മഴ പെയ്യുമ്പോൾ കയറിനിൽക്കുന്നതും ഇതിലായിരുന്നു.
അഞ്ചാറുപേർക്ക് പൊത്തിനുള്ളിൽ കയറിനിൽക്കാം. ചുവട് മുതൽ തലവരെ പൊത്തുള്ളതിനാൽ ഇതിലൂടെ ആകാശം കാണാനാവും.
വളരെ അപൂർവ കാഴ്ചകളാണിതെന്ന് സഞ്ചാരികൾ വിവരിക്കുന്നു. ഈ മരത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
വയനാട് ട്രിപ്പിൽ പലരും മഠാപ്പറമ്പ് ഗ്രാമത്തെയും വനപ്രദേശത്തെയും ഉൾപ്പെടുത്തിയിരുന്നു. വനത്തിലൂടെ വനയോര ഗ്രാമങ്ങളിലേക്കുള്ള പാതകൾ പൂട്ടുകട്ടയിട്ടതിനാൽ ഇതുവഴിയുള്ള യാത്രയും സഞ്ചാരികൾക്ക് ഹൃദ്യമായി.
നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സുന്ദരമെങ്കിലും ആനയും കടുവയും പലപ്പോഴും ഇവിടെയുണ്ടാവും.
വനപ്രദേശത്ത് ലഹരി ഉപയോഗവും ഭക്ഷണം കഴിക്കുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതുമെല്ലാം പ്രശ്നങ്ങളുണ്ടാക്കിയപ്പോഴാണ് വനാതിർത്തിയിൽ ഗേറ്റുസ്ഥാപിച്ച് പ്രവേശനം നിരോധിച്ചത്.
എന്നാലും സഞ്ചാരികൾ നുഴഞ്ഞുകയറിയതോടെയാണ് പൊത്തു താന്നി മുള്ളുവച്ചടച്ചത്. അതും പലവട്ടം വലിച്ചുമാറ്റിയിരുന്നു.
പ്രകൃതിയൊരുക്കിയ അപൂർവ കാഴ്ച മറച്ച വനംവകുപ്പ് നടപടി അംഗീകരിക്കാനാവില്ലെന്നാണ് സഞ്ചാരികളുടെ പരാതി. നിയന്ത്രണങ്ങളോടെ ടിക്കറ്റ് നൽകി പ്രദേശത്തേക്ക് സഞ്ചാരികളെ അനുവദിക്കണമെന്നാണ് അവരുടെ നിർദേശം.
ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വനത്തിലേക്ക് പ്രവേശനം അനുവദിച്ചപോലെ മഠാപ്പറമ്പിലെ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

