തിരുവമ്പാടി ∙ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രം നിർമാണത്തിൽ അപാകതയെന്നു പരാതി. ഉദ്ഘാടനം കഴിഞ്ഞു ഒരു വർഷമായിട്ടും അപാകതകൾ പരിഹരിക്കാത്തതിലും പ്രവർത്തനം പൂർണതോതിൽ ആകാത്തതിലും പൊതുജനങ്ങൾക്കു പരാതിയുണ്ട്.
യാത്രക്കാർക്കു പ്രയോജനമില്ലാത്ത വിധത്തിലാണു വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തിക്കുന്നത്. വിവിധ വാർഷിക പദ്ധതികളിലായി 85 ലക്ഷം രൂപ മുടക്കിയാണു കേന്ദ്രം നിർമിച്ചത്.
2022ൽ തറക്കല്ലിട്ട പദ്ധതി 2025 ജനുവരി 13നാണ് ഉദ്ഘാടനം ചെയ്തത്.
നിർമാണത്തിന് ഉപയോഗിച്ചതു ഗുണനിലവാരമില്ലാത്ത ഇല്ലാത്ത ഉപകരണങ്ങളാണെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള സാംസ്കാരിക നിലയത്തിനു മുൻ വശത്താണു വിശ്രമകേന്ദ്രം.
താഴെ നിലയിൽ വിശ്രമ ഹാൾ, കോഫി ഷോപ്പ്, മുലയൂട്ടൽ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചിമുറി, പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ശുചിമുറികൾ, മുകൾ നിലയിൽ താമസ സൗകര്യത്തോടെയുള്ള 3 വിശ്രമ മുറികൾ എന്നീ സൗകര്യങ്ങൾ അടങ്ങിയതാണു പദ്ധതി.
വിശ്രമ ഹാളും ശുചിമുറികളും മുലയൂട്ടൽ കേന്ദ്രവും മാത്രമാണു നിലവിൽ പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികളുണ്ടെങ്കിലും പ്ലമിങ് തകരാർ മൂലം പ്രവർത്തനം ഭാഗികമാണ്.
പൈപ്പുകൾ ചോർന്നൊലിക്കുന്നു.
അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രത്തിൽ എത്തിപ്പെടാൻ ശുചിമുറി കയറണം. വിശ്രമ മുറിയിൽ നിന്നു നേരിട്ടു വാതിൽ ഇല്ല.
പുരുഷന്മാരുടെ ശുചിമുറിക്കു മറ പോലുമില്ല. ശുചിമുറി ഉപയോഗത്തിനു പണം നൽകണം.
ഭിന്നശേഷി സൗഹൃദ ശുചിമുറി അടഞ്ഞു കിടക്കുകയാണ്. ക്ലോസറ്റ് തകരാറാണു കാരണം.
കോഫി ഷോപ്പ് പ്രവർത്തനം ഇനിയും തുടങ്ങിയില്ല. മുകൾ നിലയിൽ വിശാലമായ സൗകര്യങ്ങളോടെ മൂന്നു താമസ മുറികൾ പണി നിർമിച്ചെങ്കിലും അവസാനവട്ട
മിനുക്കു പണികൾ പൂർത്തിയാകാത്തതിനാൽ തുറന്നു കൊടുത്തിട്ടില്ല.
പഞ്ചായത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് ബസ് സ്റ്റാൻഡിലെ വഴിയോര വിശ്രമ കേന്ദ്രമെന്നും നിർമാണത്തിലെ അപാകതയാണു പല തകരാറുകൾക്കും കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അറിയിച്ചു. കരാർ വ്യവസ്ഥ പ്രകാരം അറ്റകുറ്റപ്പണി 3 വർഷം വരെ കരാറുകാരൻ തന്നെ ചെയ്യണം.
ഇതിനു നടപടി സ്വീകരിക്കും. താമസ മുറികളുടെ ബാക്കിയുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും.
ശുചിമുറിയുടെ മറ്റ് അപാകതകളും ഉടൻ പരിഹരിക്കും. നിത്യേന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡിലെ വിശ്രമ കേന്ദ്രത്തിന്റെ ദുരവസ്ഥ പരിഹരിച്ച് ജനങ്ങൾക്ക് പ്രയോജനപ്രദമാക്കാൻ നടപടി സ്വീകരിക്കുകയും അനാസ്ഥ കാണിച്ചവർക്കെതിരെ നടപടി ഉണ്ടാകുകയും വേണമെന്നാണു പൊതുജനങ്ങളുടെ ആവശ്യം.
മാടാംപുറം വളവിലെ വഴിയോര വിശ്രമ കേന്ദ്രം നവീകരിക്കുന്നു
മുക്കം ∙ സംസ്ഥാന പാതയിൽ ഓടത്തെരുവ് മാടാംപുറം വളവിൽ കാരശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 40 ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം നവീകരിക്കുന്നു.
വഴിയോര യാത്രക്കാരെ ലക്ഷ്യമാക്കി നിർമിച്ചിരുന്ന വിശ്രമ കേന്ദ്രം അനാഥാവസ്ഥയിലായിരുന്നു. സ്വകാര്യ വ്യക്തികൾക്കു ഹോട്ടൽ നടത്തുന്നതിനു വിട്ടുകൊടുത്തതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലായിരുന്നു.
ശുചിമുറികളും മുലയൂട്ടൽ കേന്ദ്രവുമെല്ലാം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മാത്രമായി ചുരുങ്ങിയതായി ആക്ഷേപം ഉയർന്നിരുന്നു. സർക്കാരും സ്വച്ഛഭാരത് മിഷനും പഞ്ചായത്തും ചേർന്നായിരുന്നു സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ കേന്ദ്രം നിർമിച്ചിരുന്നത്.
വഴിയോര യാത്രക്കാർക്കും നാട്ടുകാർക്കും ഒരേ പോലെ ഉപയോഗപ്രദമാവുന്ന രീതിയിലാണ് നവീകരിക്കുന്നത്.
നടത്തിപ്പ് പഞ്ചായത്തിലെ കുടുംബശ്രീയെയും ഹരിത കർമ സേനയെയും ഏൽപിക്കാനാണു പദ്ധതി. കേന്ദ്രത്തിനു സമീപം ഓപ്പൺ ജിം സ്ഥാപിക്കും.
ചെറിയ കഫറ്റീരിയയും ഒരുക്കും. മുകൾ നിലയിൽ വനിതകൾക്കായ് ജിംനേഷ്യവും സ്ഥാപിക്കും.
25 ലക്ഷം രൂപ ചെലവഴിച്ചായിരിക്കും പുതിയ പദ്ധതികൾ. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും ലഭ്യമാക്കും.
2022 ജൂൺ 22ന് ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം എന്നും വിവാദത്തിലായിരുന്നു. പദ്ധതി ഉടൻ പൂർത്തീകരിക്കുമെന്ന് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ, വൈസ് പ്രസിഡന്റ് എം.ദിവ്യ എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

