കൽപറ്റ ∙ ക്ലാസിലും ഗ്രൗണ്ടിലും സഹപാഠികളെയും ജൂനിയർ വിദ്യാർഥികളെയും സ്ഥിരമായി ഉപദ്രവിക്കുന്ന കുട്ടിയെ അധ്യാപകർ സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി. ഉപദേശത്തിനും ശാസനയ്ക്കും മുന്നിൽ ഭാവമാറ്റമൊന്നുമില്ലാതെ ആ ആറാം ക്ലാസുകാരൻ നിന്നു.
വീട്ടിൽ വിവരമറിയിച്ചപ്പോൾ സ്കൂൾ അധികൃതർ മറ്റൊരു കാര്യവും മനസ്സിലാക്കി. അച്ഛൻ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നതു കണ്ടു വളർന്ന കുട്ടിയാണവൻ.
പ്രശ്നങ്ങൾ പരിഹരിക്കാൻ അക്രമമാണു വഴിയെന്ന കണ്ടെത്തലിലേക്കു കുട്ടിയെ നയിച്ചതു വീട്ടിലെ സംഘർഷഭരിതമായ സാഹചര്യങ്ങളും.
ഗാർഹിക അതിക്രമങ്ങൾ ഒന്നുകിൽ കുട്ടികളെ ഇരകളാക്കും. അല്ലെങ്കിൽ വേട്ടക്കാരാക്കും.
ഈ കുട്ടി രണ്ടാമത്തെ വഴിയാണു തിരഞ്ഞെടുത്തത്. “കുട്ടി അക്രമം കാണിക്കുമ്പോൾ അവന്റെ വീടിന്റെ പശ്ചാത്തലം കൂടി അന്വേഷിക്കണം.
പലപ്പോഴും അവൻ മറ്റൊരു അക്രമത്തിന്റെ ഇരയായിരിക്കാനുള്ള സാധ്യതയുണ്ട്”– സ്കൂളിലെ കൗൺസിലർ പറഞ്ഞു. 1 MINUTE AGO
1 MINUTE AGO
24 MINUTES AGO
കുറ്റക്കാർ കുട്ടികൾ മാത്രമോ?
പുതിയകാലത്തു കുട്ടികൾ കടന്നുപോകുന്ന മോശമായ സാഹചര്യങ്ങളിലെ ഒരു അനുഭവം മാത്രമാണിത്.
അക്രമസംഭവങ്ങളിൽ പലപ്പോഴും കുട്ടികളെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലാണു പൊതുസമൂഹത്തിന്റെ ഇടപെടൽ. അക്രമവും അസഹിഷ്ണുതയും വളരുന്ന സമൂഹത്തിൽ നല്ല മാതൃകകൾ കണ്ടെത്താൻ കുട്ടികൾക്കു പലപ്പോഴും കഴിയണമെന്നില്ല.
മുതിർന്നവർ തന്നെ അക്രമത്തെ ആഘോഷിക്കുമ്പോൾ കുട്ടികൾ അനുകരിക്കുന്നു. പൊലീസിന്റെ മൂക്കിനു താഴെയുള്ള വിദ്യാലയങ്ങൾ പോലും ലഹരികേന്ദ്രങ്ങളായി മാറുമ്പോൾ ആരെയാണു കുറ്റപ്പെടുത്തേണ്ടത്?
അക്രമത്തെ മഹത്വവൽക്കരിക്കുന്ന സിനിമകളും റീലുകളും കുട്ടികളിൽ മോശം സ്വാധീനമുണ്ടാക്കുന്നതായാണ് പൊലീസ് പറയുന്നത്.
എന്റെ കുട്ടി ഒരിക്കലും ഇങ്ങനെ ചെയ്യില്ല. എന്ന കടുത്ത നിലപാടിലേക്കു ചില രക്ഷിതാക്കളെങ്കിലും എത്തുന്നതാണു പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നെന്ന് മാനന്തവാടിയിലെ ഒരു സ്കൂൾ അധ്യാപകൻ പറയുന്നു.
മിക്ക കുട്ടികൾക്കും വീട്ടിലെ സ്വഭാവമായിരിക്കില്ല സ്കൂളിൽ. ശിക്ഷയും ലാളനയും തമ്മിലുള്ള ബാലൻസ് തെറ്റിപ്പോകുന്നത് എവിടെയെന്നു കൃത്യമായി മനസ്സിലാക്കാൻ പല രക്ഷിതാക്കൾക്കും കഴിയുന്നില്ല– അദ്ദേഹത്തിന്റെ വാക്കുകൾ.
വിതച്ചതേ കൊയ്യൂ
“അരുണിന്(യഥാർഥ പേരല്ല) ആവശ്യമുള്ളതെല്ലാം ഞങ്ങൾ വാങ്ങി നൽകിയിട്ടുണ്ട്, പിന്നെന്തിന് അവൻ ഇങ്ങനെയായി?”- വീട്ടിനുള്ളിൽ എപ്പോഴും അക്രമാസക്തനാകുന്ന മകനുമായി സ്കൂൾ കൗൺസിലറുടെ മുന്നിലെത്തിയ അമ്മ നിർത്താതെ കരയുകയാണ്.
ഈ ചോദ്യം ഒരു രക്ഷിതാവിന്റേതു മാത്രമല്ല. എന്നാൽ, ‘എല്ലാം വാങ്ങി നൽകി’ എന്ന അവകാശവാദത്തിലാണു യഥാർഥത്തിൽ കുടുംബത്തിന്റെ പരാജയം ഒളിഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കുന്നവർ ചുരുക്കം.
അരുണിനു വിലകൂടിയ സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ അച്ഛൻ വിസമ്മതിച്ചു.
അന്ന് രാത്രി വീട്ടിലെ സാധനങ്ങൾ മുഴുവൻ അടിച്ചുതകർത്ത അരുൺ, അച്ഛനെ കൊല്ലുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി. ‘ചെറുപ്പം മുതലേ ഒന്നിനും ‘നോ’ എന്ന് കേൾക്കാത്ത കുട്ടികൾക്ക് ജീവിതത്തിലെ ചെറിയ തിരസ്കാരങ്ങൾ പോലും വലിയ പകയായി മാറുന്നു.
ഓവർ പ്രൊട്ടക്ടീവ് ആയ പേരന്റിങ് കുട്ടികളെ പെട്ടെന്നു പ്രതികരിക്കുന്ന പ്രകൃതക്കാരാക്കി മാറ്റുന്നു.
ഇത്തരത്തിൽ, കുട്ടികളിലെ മാറ്റങ്ങൾക്കു പിന്നിൽ സാമൂഹികമായ പല കാരണങ്ങളുമുണ്ട്’’– വനിതാ ശിശു വികസനവകുപ്പിനു കീഴിലെ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻസ് പദ്ധതി സൈക്കോളജിസ്റ്റ് ഹരിത പറയുന്നു. കുട്ടികൾ അക്രമാസക്തരാകുന്നത് ഒരു ദിവസം കൊണ്ടല്ല.
അവർക്ക് ചുറ്റുമുള്ള സമൂഹം വിതയ്ക്കുന്ന വിഷവിത്തുകൾ അവരുടെ ഉള്ളിൽ വളർന്ന് പന്തലിക്കുമ്പോഴാണ് അത് മർദനമായും കൊലപാതകമായും പുറത്തുവരുന്നത്. ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കേണ്ടതു കുട്ടികളല്ല, മറിച്ച് അവരെ അക്രമത്തിന്റെ പാതയിലേക്ക് നയിച്ച ഈ സമൂഹം കൂടിയാണ്.
അക്രമമാണു മാസ് അടിക്കുമ്പോഴാണ് ആനന്ദം
നിയമം കയ്യിലെടുക്കുന്ന, സഭ്യമല്ലാത്ത വാക്കുകൾ പറയുന്ന, എതിരാളിയെ ക്രൂരമായി മർദിക്കുന്ന നായകന്മാരെ കണ്ട് കയ്യടിക്കുന്ന സമൂഹം വളർത്തിയെടുക്കുന്ന കുട്ടികൾക്ക് അക്രമം ‘മാസ്’ സംഗതിയാണ്.
സിനിമയിലെ ഗാങ്സ്റ്റർമാരെ അനുകരിച്ച് സ്കൂളുകളിൽ ‘ഗ്യാങ്ങുകൾ’ രൂപീകരിക്കുന്ന കൗമാരം, തങ്ങളുടെ ഹീറോയിസം തെളിയിക്കാൻ സഹപാഠികളെ ഇരയാക്കുന്നു. മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അതിൽ ‘വീരത്വം’ തുളുമ്പുന്ന പാട്ടുകൾ ചേർത്ത് പ്രചരിപ്പിക്കുമ്പോൾ അവർക്ക് ലഭിക്കുന്നത് ഒരുതരം മാരകമായ ആനന്ദമാണ്.
കുട്ടികളിൽ വൻ സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമസംസ്കാരത്തിനും അവരിൽ വികൃതമനസ്സ് രൂപപ്പെടുത്തുന്നതിൽ പങ്കുണ്ട്.
സീരീസ് അല്ല ജീവിതം
കൗമാരക്കാർക്കിടയിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ കൊറിയൻ സീരീസുകൾക്കും (കെ ഡ്രാമ) പാട്ടുകൾക്കും (കെ പോപ്പ്) വലിയ സ്വാധീനമുണ്ട്. ഇവയിൽ ചിലതെങ്കിലും അക്രമാസക്തമായ ഉള്ളടക്കമുള്ളതാണ്.
സ്കൂൾ വയലൻസുകൾ മുഖ്യപ്രമേയമാക്കിയ കൊറിയൻ സീരീസുകളും കുട്ടികൾ കാണുന്നു. മർദനത്തിന് ഇരയാക്കപ്പെടുന്ന കുട്ടികൾ അതിഭീകരമായി പ്രതികാരം ചെയ്യുന്ന കഥകൾ!
കുട്ടികൾ പലപ്പോഴും ജീവിതപ്രശ്നങ്ങളെ ഇത്തരം സീരീസുകളിലെ ഫാന്റസി കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുന്നു.
അവരെപ്പോലും വസ്ത്രം ധരിക്കാനും സാമൂഹികസാഹചര്യങ്ങളോടു പ്രതികരിക്കാനും തീരുമാനമെടുക്കുന്നു. പല സീരീസുകളും ആത്മഹത്യ, സ്വയം മുറിവേൽപിക്കൽ, അക്രമം, സൈക്കോപതിക് സ്വഭാവങ്ങൾ എന്നിവയെ വളരെ ‘സ്റ്റൈലിഷ്’ ആയി അവതരിപ്പിക്കാറുണ്ട്.
അങ്ങനെ കുട്ടികളിൽ വിഷാദരോഗവും അനാവശ്യമായ ആകാംക്ഷയുമുണ്ടാകും. ഇതു പുറത്തേക്ക് പ്രകടിപ്പിക്കുന്നത് അക്രമാസക്തമായ പെരുമാറ്റത്തിലൂടെയാകാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

