അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിക്ക് വാടകവീട്ടിൽ സുരക്ഷിത പ്രസവം. ഒറ്റപ്പാലം ആർഎസ് റോഡ് പള്ളത്താണ് സംഭവം.
ആർഎസ് റോഡ് വാർഡിലെ ആശാ പ്രവർത്തകയായ പള്ളം മേലാലിക്കൽത്തൊടിയിൽ നന്ദകുമാരിയുടെ (നന്ദിനി–54) അവസരോചിത ഇടപെടലും മനക്കരുത്തുമാണ് തമിഴ്നാട് ഈറോഡ് സ്വദേശിനിയായ ഭുവനേശ്വരിക്ക് (30) തുണയായത്. യുവതിയെയും കുഞ്ഞിനെയും പിന്നീട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈറോഡ് സ്വദേശികളായ ഗോവിന്ദ്–ഭുവനേശ്വരി ദമ്പതികളും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം പള്ളത്തെ വാടകവീട്ടിലാണ് താമസം. കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മൂത്ത കുട്ടിയാണ് വിവരം ആശാ പ്രവർത്തകയായ നന്ദകുമാരിയെ അറിയിച്ചത്.
‘അമ്മയ്ക്കു വയറുവേദന’യാണെന്നു കുട്ടി പറഞ്ഞ ഉടൻ തന്നെ നന്ദകുമാരി അയൽവാസി ജുനിതയെയും കൂട്ടി യുവതിയുടെ താമസസ്ഥലത്തേക്ക് എത്തി. വീട്ടിലെത്തിയപ്പോൾ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്തവിധം തീർത്തും അവശയായ നിലയിലായിരുന്നു ഭുവനേശ്വരി.
ഉടൻതന്നെ നന്ദകുമാരി തോട്ടക്കര സബ് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രാജിയെ ഫോണിൽ ബന്ധപ്പെട്ട് വിവരമറിയിച്ചു. എന്നാൽ നഴ്സ് എത്തുന്നതിന് മുൻപായി തന്നെ യുവതി പ്രസവിച്ചു.
തുടർന്ന് നന്ദകുമാരി നവജാത ശിശുവിനെ കൃത്യമായ പരിചരണത്തോടെ പുറത്തെടുത്ത് തുടച്ചുവൃത്തിയാക്കി. ഇതിനിടയിൽ നഴ്സും സ്ഥലത്തെത്തി.
പൊക്കിൾകൊടി വേർപെടുത്താത്ത അവസ്ഥയിൽ കുട്ടിയെ പ്രത്യേക തുണിയിൽ പൊതിഞ്ഞ് ഇവർ കരുതലോടെ കാത്തുസൂക്ഷിച്ചു. പ്രദേശത്ത് നേരിട്ട് വാഹന സൗകര്യം ലഭ്യമല്ലാത്തതിനാൽ, കുട്ടിയെയും കൊണ്ട് റെയിൽപ്പാളം കുറുകെക്കടന്ന് നൂറുമീറ്ററോളം ദൂരെയുള്ള റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് എത്തിച്ചതും നന്ദകുമാരി തന്നെയാണ്.
അവശയായ ഭുവനേശ്വരിയെ സ്ട്രെച്ചറിലാണ് ആംബുലൻസിലേക്ക് മാറ്റിയത്. നഗരസഭാംഗം സജീഷ്കൃഷ്ണനും മറ്റ് പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഈ കുടുംബം ഒറ്റപ്പാലത്താണ് താമസം വരുന്നത്. ഭുവനേശ്വരി ഗർഭിണിയാണെന്നറിഞ്ഞതുമുതൽ നന്ദകുമാരി ആവശ്യമായ മരുന്നുകളും ആരോഗ്യ നിർദ്ദേശങ്ങളും നൽകി വന്നിരുന്നു.
പ്രസവത്തിനായി രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് പോയ യുവതി, കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയിൻ മാർഗം ഒറ്റപ്പാലത്തെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് മണിക്കൂറുകൾക്കകം പ്രസവിച്ചത്.
ഈ സമയം ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

