സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് യുഎസിന്റെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും താഴേക്ക് കൂപ്പുകുത്തി. 2026 ലെ രണ്ടാം പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ വെറും 1.5% വളർച്ച കൈവരിക്കാനേ യുഎസിന് സാധിച്ചുള്ളൂ.
കുറഞ്ഞത് 1.8% വളർച്ചയുണ്ടാകുമെന്നായിരുന്നു ഡൗ ജോൺസിലെ സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ജനുവരി-മാർച്ച് പാദത്തിൽ യുഎസ് ജിഡിപി 2.1% വളർച്ച നേടിയിരുന്നുവെന്ന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ജൂണിൽ യുഎസിലെ പണപ്പെരുപ്പം 3.7% എന്ന ആശങ്കാജനകമായ ഉയരത്തിലേക്ക് എത്തിയതും കനത്ത ആഘാതമായി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യമായ 2% മെന്ന പരിധിയേക്കാൾ ഏറെ മുകളിലാണ് ഈ നിരക്ക്.
അതേസമയം, നിരീക്ഷകർ പ്രതീക്ഷിച്ചതിന് സമാനമാണ് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പമെന്നത് നേരിയ ആശ്വാസമായി. ജിഡിപി ഇടിഞ്ഞെങ്കിലും വ്യക്തിഗത ചെലവഴിക്കൽ 2.1% ആയും, ആഭ്യന്തര സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നിവ 0.5% വീതവും മെച്ചപ്പെട്ടത് അനുകൂല ഘടകമാണ്.
യെന്നിന്റെ കുതിപ്പും ഡോളറിന്റെ തളർച്ചയും
സ്വന്തം കറൻസിയായ യെന്നിന്റെ മൂല്യത്തകർച്ച തടയാൻ ജാപ്പനീസ് സർക്കാരും ബാങ്ക് ഓഫ് ജപ്പാനും നടത്തിയ ഇടപെടൽ ഡോളറിന് തിരിച്ചടിയായി. വിപണിയിൽ നിന്ന് വൻതോതിൽ യെൻ വാങ്ങിക്കൂട്ടിയതിലൂടെ ഡോളറിനെതിരെ യെൻ 3% കുതിപ്പോടെ 157 ലേക്ക് എത്തി.
മേയിലെ ഏറ്റവും ഉയർന്ന നിരക്കായ 162.80 ൽ എത്തിയ ശേഷമുള്ള യെന്നിന്റെ വലിയ മുന്നേറ്റമാണിത്. എന്നാൽ, ഇടപെടൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് ‘‘ഒന്നും പറയാനില്ല’’ എന്നായിരുന്നു ജാപ്പനീസ് ധനമന്ത്രി സാത്സൂകി കാട്ടയാമയുടെ പ്രതികരണം.
ഡോളറിന്റെ തളർച്ചയും യുഎസിൽ പലിശനിരക്ക് ഉടനടി കൂടില്ലെന്ന സാധ്യതയും സ്വർണത്തിന് നേട്ടമായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 48 ഡോളർ ഉയർന്ന് 4088 ഡോളറിലെത്തി.
കേരളത്തിലും ഇന്ന് വിലവർധന പ്രതീക്ഷിക്കാം. ചൈനീസ് സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധി
ചൈനയുടെ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് ജൂലൈയിൽ 49.2 ലേക്ക് ഇടിഞ്ഞു.
ജൂണിലെ 50.3 ൽ നിന്നാണ് ഈ ഇടിവ്. ഏപ്രിൽ-ജൂൺ പാദത്തിൽ ചൈനീസ് ജിഡിപി വളർച്ച മൂന്ന് വർഷത്തെ താഴ്ന്ന നിരക്കായ 4.3% ലേക്ക് എത്തിയിരുന്നു.
കയറ്റുമതി കുറഞ്ഞതും ആഭ്യന്തര റീട്ടെയ്ൽ വിപണിയുടെ തളർച്ചയുമാണ് ചൈനയ്ക്ക് തിരിച്ചടിയാകുന്നത്. ഓഹരി വിപണിയിൽ ഉണർവ്
ടെക് കമ്പനികളുടെ മികച്ച പ്രവർത്തനഫലം യുഎസ് ഓഹരി വിപണിക്ക് കരുത്തായി.
നാസ്ഡാക് സൂചിക 2.78%, എസ് ആൻഡ് പി500 സൂചിക 1.66%, ഡൗ ജോൺസ് 1.19% എന്നിങ്ങനെ ഉയർന്നു. മികച്ച ഫലം പുറത്തുവിട്ട
ആമസോണിന്റെ ഓഹരികൾ 9% മുന്നേറി. ദക്ഷിണ കൊറിയൻ വിപണി കോസ്പി 15% ഉം, സാംസങ്, എസ്കെ ഹൈനിക്സ് ഓഹരികൾ 25% വരെയും കുതിച്ചുയർന്നു.
ജാപ്പനീസ് നിക്കേയ് സൂചിക 4.75% നേട്ടമുണ്ടാക്കി. ഇന്ത്യൻ വിപണിയിലും പ്രതീക്ഷ
ഗിഫ്റ്റ് നിഫ്റ്റി 0.2 ശതമാനത്തിലധികം ഉയർന്ന് നിൽക്കുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.
ഇന്നലെ നിഫ്റ്റി 67 പോയിന്റ് (+0.28%) ഉയർന്ന് 24,317 ലും സെൻസെക്സ് 274 പോയിന്റ് (+0.35%) നേട്ടത്തോടെ 77,928 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്നലെ 3623 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.
കുറഞ്ഞ് ക്രൂഡോയിൽ വില
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നുണ്ടെങ്കിലും ക്രൂഡോയിൽ വില താഴോട്ടാണ്. ബ്രെന്റ് ക്രൂഡ് വില 88 ഡോളറിലും, യുഎസ് ക്രൂഡ് വില 1.53% താഴ്ന്ന് 82.31 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

