കോഴിക്കോട് ജില്ലയിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്.
അമ്മയുടെ ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായതിനെത്തുടർന്ന്, അടുത്ത ദിവസങ്ങളിൽ തന്നെ കുഞ്ഞിനെ അമ്മയ്ക്ക് ഔദ്യോഗികമായി കൈമാറും. കഴിഞ്ഞ 4 മാസം ആയി കുഞ്ഞിനെ തിരിച്ചു ലഭിക്കുന്നതിനായി ഈ അമ്മ ജില്ലാ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.
വെള്ളയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഡിഎൻഎ പരിശോധന നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടക്കത്തിൽ പരിശോധനാ തുകയായ 25,000 രൂപ അമ്മ തന്നെ നൽകണമെന്ന് സിഡബ്ല്യുസി അധികൃതരും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിനെത്തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെടുകയും, ഡിഎൻഎ പരിശോധനയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ച് പണം അനുവദിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഡിഎൻഎ ഫലം പുറത്തുവന്നത്.
കുഞ്ഞിനെ തിരികെ നൽകുന്നതിന് മുൻപ്, കുട്ടിക്ക് വളരാൻ ആവശ്യമായ സുരക്ഷിതമായ സാഹചര്യം കുടുംബത്തിലുണ്ടോ എന്ന് സിഡബ്ല്യുസി വിശദമായി പരിശോധിക്കും. തുടർന്ന് ഡിസിപിയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പ്രത്യേക കൗൺസലിങ് നൽകും.
ഇതിനുശേഷമേ കുഞ്ഞിനെ അമ്മയുടെ സംരക്ഷണത്തിലേക്ക് കൈമാറുകയുള്ളൂവെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് 4 നാണ് അമ്മ ജില്ലയിലെ ഗവ.
ആശുപത്രിയിൽ ഈ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് മാർച്ച് 12-ാം തീയതി രാത്രി 10.30-നാണ് ബീച്ച് ഗവ.
ആശുപത്രിയുടെ കീഴിലുള്ള അമ്മത്തൊട്ടിലിൽ കുട്ടിയെ ഉപേക്ഷിച്ചത്. എന്നാൽ 48 ദിവസത്തിന് ശേഷം കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സിഡബ്ല്യുസിയെ സമീപിക്കുകയായിരുന്നു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കുകയും, പൊലീസിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി ലാബിൽ അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന പൂർത്തിയാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

