കേരളത്തിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കോട്ടയം കളക്ടറും അവധി പ്രഖ്യാപിച്ചതോടെ നാളെ ആകെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായി അടച്ചിടും.
നേരത്തെ ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി എന്നീ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയായ ജൂലൈ 31, വെള്ളിയാഴ്ച അവധി ബാധകമാക്കിയിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എങ്കിലും, കാസർകോട്, വയനാട് ജില്ലകളിൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഈ അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ അവധി ഓൺലൈൻ ക്ലാസുകളെ ബാധിക്കില്ല.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾ, മറ്റ് പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്നും അതത് ജില്ലാ കളക്ടർമാർ അറിയിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
മഴ കനത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. സംസ്ഥാനത്ത് നാളെയോടെ മഴ കൂടുതൽ തീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അലേർട്ടുകളുടെ വിശദാംശങ്ങൾ:
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
* 31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
* 01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ (Very Heavy Rainfall) എന്ന് അർത്ഥമാക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
* 30/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്
* 31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം
* 01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ്
* 02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉള്ള സാധ്യത മുൻനിർത്തി കേരളതീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

