കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി ജൂലൈ 31-ാം തീയതിയാണ് അവധി ബാധകമാക്കിയിട്ടുള്ളത്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം, വയനാട്, കാസർകോട്, ആലപ്പുഴ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത കാറ്റും മഴയും നിലനിൽക്കുന്നതിനാൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കളക്ടർ ജി പ്രിയങ്ക നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട
വയനാട് ജില്ലയിൽ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി നൽകി. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഈ ഉത്തരവ് ബാധകമല്ല.
കാസർകോട് ജില്ലയിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാളെ അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി എന്നീ രണ്ട് താലൂക്കുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഓൺലൈൻ ക്ലാസുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.
ശക്തമായ കാറ്റിനും മഴയ്ക്കും ജാഗ്രതാ നിർദേശമുള്ളതിനാൽ ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കളക്ടർ ഷാജി വി. നായർ നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.
പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

