ചാരുംമൂട്∙ അപകടങ്ങളിൽ നിന്ന് മോചനമില്ലാതെ ചാരുംമൂട് ജംക്ഷൻ. ഗതാഗതക്കുരുക്കിനും അനധികൃത പാർക്കിങ്ങിനും പരിഹാരം കാണാൻ കഴിയുന്നില്ല.
ചാരുംമൂട് ജംക്ഷനിൽ ഒരുമാസമായി തുടർച്ചയായി ഉണ്ടായ അപകടങ്ങളിൽ അനേകം പേർക്കാണ് പരുക്കേറ്റത്.ഇവരിൽ ഭൂരിഭാഗവും ഇരുചക്രവാഹനക്കാരാണ്. ഓരോ അപകടത്തിനും അരമണിക്കൂറിലേറെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.
ഇത് നിയന്ത്രിക്കാൻ ആരുമില്ല.അപകടങ്ങൾക്ക് കാരണം ജംക്ഷനിലെ അനധികൃത പാർക്കിങ്ങാണ്. ഇതോടൊപ്പം ട്രാഫിക്കിൽ ചുവന്ന ലൈറ്റ് കത്തിക്കിടന്നാലും സിഗ്നൽ മറികടക്കാനുള്ള ആവേശവും ബസുകൾ കാണിക്കുന്നു. ഒരുമാസം കൊണ്ട് ജംക്ഷനിലുണ്ടായ ഒൻപത് അപകടങ്ങളും ബസുകൾ ഇരുചക്രവാഹനങ്ങളുമായി ഇടിച്ചാണ്.
ബസുകളെക്കാൾ വേഗതയിൽ സിഗ്നൽ മറികടക്കാനുള്ള ശ്രമമാണ് ടിപ്പറുകളും നടത്തുന്നത്.
മത്സര ഓട്ടങ്ങളുടെ കാര്യത്തിലും അപകടങ്ങൾ വരുത്തുന്ന കാര്യത്തിലും കെഎസ്ആർടിസിയും പിന്നിലല്ല. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിടിച്ച് ഇരുചക്രവാഹനയാത്രികർക്ക് പരുക്കേറ്റു.
ജംക്ഷൻ കേന്ദ്രീകരിച്ച് ഇടതുവശം ചേർന്ന് മറികടക്കാനുള്ള ശ്രമവും അപകടങ്ങൾക്ക് കാരണമാകുന്നു. വർഷങ്ങൾക്ക് മുൻപേ ജംക്ഷനിൽ നിന്നും കെ–പി റോഡിലേക്കും കൊല്ലം –തേനി ദേശീയപാതയിലേക്കും 100 മീറ്റർ വീതം പാർക്കിങ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ പാർക്കിങ് നിരോധന ബോർഡുകൾക്ക് മുന്നിലാണ് ഇപ്പോൾ അനധികൃത പാർക്കിങ്.വൈകുന്നേരങ്ങളിലും മറ്റും വാഹനങ്ങൾക്ക് കടന്നു പോകാൻ പോലും വഴി കൊടുക്കാൻ കഴിയാത്ത രീതിയിലാണ് ജംക്ഷനിലെ അനധികൃതപാർക്കിങ്. കഴിഞ്ഞ ദിവസം സിഗ്നൽ ലൈറ്റ് മറികടക്കാൻ അമിത വേഗതയിൽ വന്ന വാൻ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചിട്ടു.
ജംക്ഷനിൽ വച്ച് മറ്റ് രണ്ട് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമമായിരുന്നു.
രണ്ട് ദിവസം മുൻപ് അമ്മയും കുഞ്ഞും പോയ സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചു. ചുവന്ന ലൈറ്റ് മറികടക്കാനുള്ള ബസിന്റെ ശ്രമത്തിനിടയിലായിരുന്നു അപകടം . ജംക്ഷനിൽ പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭിക്കാറില്ല. ജംക്ഷൻ കേന്ദ്രീകരിച്ച് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നത് ജനത്തിന്റെ നിരന്തര ആവശ്യമാണ്. സന്ധ്യകഴിഞ്ഞാൽ ജംക്ഷൻ പൂർണമായും ഇരുട്ടിലാണ്.
മൂന്ന് പഞ്ചായത്തുകളുടെ പൂർണമായ അധികാര പരിധിയിലാണ് ചാരുംമൂട് ജംക്ഷൻ. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ജംക്ഷനിൽ നാല് വശത്തേക്കും 100 മീറ്റർ നീളത്തിലെങ്കിലും ലൈറ്റുകൾ സ്ഥാപിച്ചാൽ രാത്രി ഉണ്ടാവുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. അടൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ച് കയറുന്നത് നിത്യസംഭവമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

