വാഷിങ്ടൻ ∙ ലക്ഷ്യസ്ഥാനങ്ങൾ നിർണയിച്ചു, യുദ്ധവിമാനങ്ങളിൽ ബോംബുകൾ സജ്ജമാക്കി… വിമാനങ്ങൾ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ടേക്ക് ഓഫ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഹൂതികൾക്കെതിരെയുള്ള സൈനിക നടപടിയിൽനിന്ന് പിന്മാറിയെന്ന് റിപ്പോർട്ട്. ചെങ്കടലിന് സമീപമുള്ള തന്ത്രപ്രധാന പ്രദേശങ്ങളിൽ പിടിമുറുക്കുന്ന ഹൂതി വിമതരെ ആക്രമിച്ച് സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ നൽകുന്നതിൽ ഡോണൾഡ് ട്രംപിന് ചാഞ്ചാട്ടമുണ്ടായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സൗദി–ഹൂതി വിഷയത്തിൽ ഇടപെടണോ വേണ്ടയോ എന്നതിൽ രണ്ടാഴ്ചയോളമാണ് ട്രംപ് ആലോചന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൂതികൾക്കെതിരെ ആക്രമണം നടത്തുന്നതിനോട് താൻ യോജിക്കുന്നില്ലെന്ന് ബുധനാഴ്ച ട്രംപ് തന്റെ ഉപദേശകരെ അറിയിച്ചു.
എന്നാൽ വ്യാഴാഴ്ച സൗദി അധികൃതരുമായി ഫോണിൽ സംസാരിച്ച ശേഷം ട്രംപ്, യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ചു. ആക്രമണത്തിന് തയാറെടുക്കാൻ പെന്റഗണിന് നിർദേശവും നൽകി.
ഇതു പ്രകാരം ആക്രമണം നടത്താനുള്ള ലക്ഷ്യങ്ങൾ നിശ്ചയിച്ച സൈനികർ ദൗത്യത്തിനായി പോർവിമാനങ്ങളും ബോംബുകളും സജ്ജമാക്കുകയും ചെയ്തു. എന്നാൽ ആക്രമണത്തിനായി നിശ്ചയിച്ച സമയത്തിന് മണിക്കൂറുകൾ മാത്രം മുൻപ്, ഞായറാഴ്ച ട്രംപ് വീണ്ടും നിലപാട് മാറ്റി.
തൽക്കാലത്തേക്ക് ആക്രമണം നടത്തേണ്ടതില്ലെന്ന് പെന്റഗണിന് അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൗദി അറേബ്യയുമായി യുഎസ് പ്രതിരോധ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും സഖ്യകക്ഷികളെ സംരക്ഷിക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പക്ഷേ, ഇക്കാര്യത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ചെങ്കടലിൽ യുഎസ് കപ്പലുകൾക്കെതിരെ ആക്രമണം നടത്തില്ലെന്നും യുഎസിനെതിരെ യുദ്ധത്തിനില്ലെന്നും ഹൂതികൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ സൗദിക്കെതിരെ ഹൂതികൾ ആക്രമണം കടുപ്പിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

