ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ എൺപതുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി വിദേശത്തുനിന്നും മടങ്ങിയെത്തിയ വേളയിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ ഷംഷാദ് ചുരകുത്ത് ആണ് കാസർകോട് സൈബർ പോലീസിന്റെ പിടിയിലായത്.
2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഈ സാമ്പത്തിക കുറ്റകൃത്യം അരങ്ങേറിയത്. നീലേശ്വരം സ്വദേശിയായ 80 വയസ്സുകാരനായ ഡോക്ടറെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്.
ഫോണിലും വാട്സ്ആപ്പ് വീഡിയോ കോളിലുമായി ബന്ധപ്പെട്ട സംഘം തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും നിലവിൽ “ഡിജിറ്റൽ അറസ്റ്റ്” രേഖപ്പെടുത്തിയിരിക്കുകയാണെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് അറസ്റ്റ് ഒഴിവാക്കാനും റിസർവ് ബാങ്കിന്റെ ഔദ്യോഗിക പരിശോധന പൂർത്തിയാക്കാനുമെന്ന വ്യാജേന വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ആകെ ₹1,19,35,000 രൂപ സംഘം നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് മാറ്റാൻ ഡോക്ടറെ നിർബന്ധിതനാക്കുകയായിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചയുടൻ കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 രൂപ നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.
ഇതേദിവസം ഈ തുകയിൽനിന്ന് 9,60,000 രൂപ രണ്ട് വ്യത്യസ്ത ഇടപാടുകളിലായി പ്രതിയായ ഷംഷാദ് ചുരകുത്തിന്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി. ഇതിൽ 9 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ച് പ്രതി ചെലവഴിച്ചതായും തെളിഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതി വിദേശത്ത് ജോലി ചെയ്തുവരികയാണെന്ന് മനസ്സിലാക്കിയ പോലീസ്, ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയുമായിരുന്നു. 2026 സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച വിവരം കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ ലഭിക്കുകയായിരുന്നു.
കാസർകോട് ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവൻ കെ എന്നിവരുടെ കർശന നിർദ്ദേശപ്രകാരം, കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലെ എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവരടങ്ങിയ സംഘം ഹൈദരാബാദിൽ നേരിട്ടെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

