ചെസ്റ്റർ ലേ സ്ട്രീറ്റ്: മഴയെത്തുടർന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. റിവർസൈഡ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയാക്കും മുൻപേ കനത്ത മഴ വില്ലനായതോടെ മത്സരം റദ്ദാക്കുകയായിരുന്നു.
ഇന്ത്യയുടെ ബാറ്റിംഗ് പൂർത്തിയായതിന് പിന്നാലെയാണ് കളി തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് അടിച്ചുകൂട്ടിയത്.
ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (47 പന്തിൽ 68), അഭിഷേക് ശർമ (24 പന്തിൽ 59), ശിവം ദുബെ (21 പന്തിൽ 42) എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഇംഗ്ലണ്ടിനായി സാകിബ് മഹ്മൂദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ട
ഇന്ത്യയ്ക്ക് ആറ് റൺസ് എടുക്കുന്നതിനിടെ സഞ്ജു സാംസൺ (1), ഇഷാൻ കിഷൻ (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഏഴ് പന്ത് നേരിട്ട
സഞ്ജുവിന് കാര്യമായ സംഭാവന നൽകാനായില്ല. സാകിബ് മഹ്മൂദിന്റെ പന്തിൽ ഗള്ളിയിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.
അതേ ഓവറിൽ തന്നെ ഇഷാൻ കിഷൻ റണ്ണൗട്ടാവുകയും ചെയ്തു. പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ശർമയും ശ്രേയസ് അയ്യരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
82 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇവർക്കായി. 24 പന്തിൽ നാല് ഫോറും ആറ് സിക്സും ഉൾപ്പെടെ 59 റൺസ് നേടിയ അഭിഷേക് ഒമ്പതാം ഓവറിൽ സാം കറന്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായി.
പിന്നീട് വന്ന തിലക് വർമ (13) വേഗത്തിൽ മടങ്ങിയെങ്കിലും ശ്രേയസും ദുബെയും ചേർന്ന് ടീമിനെ മികച്ച നിലയിലേക്ക് ഉയർത്തി. 18-ാം ഓവറിലാണ് ശ്രേയസ് പുറത്തായത്.
ആറ് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. ഹർഷിത് റാണ (0), അക്സർ പട്ടേൽ (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ശിവം ദുബെ പുറത്താവാതെ നിന്നു. ടീമുകൾ:
ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെതൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, സാഖിബ് മഹ്മൂദ്, ആദിൽ റഷീദ്, ലൂക്ക് വുഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

