ഗുരുതരമായ അഴിമതി ആരോപണങ്ങളിൽ ഉൾപ്പെടുകയും തുടർച്ചയായി 30 ദിവസത്തിലധികം തടവിൽ കഴിയേണ്ടി വരികയും ചെയ്യുന്ന പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ അതാത് പദവികളിൽ നിന്നും നീക്കം ചെയ്യുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) പച്ചക്കൊടി കാണിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കേന്ദ്രമന്ത്രി അമിത് ഷായാണ് ഈ സുപ്രധാന ബിൽ സഭയിൽ അവതരിപ്പിച്ചത്.
അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന കേന്ദ്രമന്ത്രിമാർ 30 ദിവസത്തിലധികം പൊലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയേണ്ടി വന്നാൽ, അത്തരം മന്ത്രിമാരെ പുറത്താക്കാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ് നിർദ്ദേശം. ഒരുപക്ഷേ പ്രധാനമന്ത്രി ഇതിനായി ശുപാർശ ചെയ്തില്ലെങ്കിൽ പോലും, 31-ാം ദിവസം മുതൽ മന്ത്രിയുടെ പദവി സ്വമേധയാ അസാധുവാകും.
പ്രധാനമന്ത്രി തന്നെയാണ് ഇത്തരത്തിൽ അറസ്റ്റിലാകുന്നതെങ്കിൽ അദ്ദേഹം സ്വയം രാജി സമർപ്പിക്കണം. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ 31-ാം ദിവസം മുതൽ ആ സ്ഥാനവും തനിയെ നഷ്ടപ്പെടുന്നതായിരിക്കും.
സംസ്ഥാനങ്ങളുടെ കാര്യത്തിൽ, അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ മുഖ്യമന്ത്രി ഗവർണറോട് ശുപാർശ ചെയ്യേണ്ടതുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളിലെ മന്ത്രിമാരുടെ കാര്യത്തിൽ രാഷ്ട്രപതിക്കായിരിക്കും ഇത് സംബന്ധിച്ച ശുപാർശ കൈമാറേണ്ടത്.
ഈ ബില്ലിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 20-ന് ആരംഭിക്കാൻ സാധ്യതയുള്ള പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി, ജൂലൈ 17-ഓടെ ജെപിസി ബില്ലിന് ഔദ്യോഗിക അംഗീകാരം നൽകുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

