പ്രതിമാസം വെറും 10,000 രൂപ മാത്രം ശമ്പളം ലഭിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 കോടി രൂപയെത്തി. രാജസ്ഥാനിലെ സിക്കറിലുള്ള ഒരു മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ സമീർ ഖാൻ ആണ് ഞെട്ടിക്കുന്ന ഈ അനുഭവത്തിന് പാത്രമായത്.
സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള നിർമൽ മെഡിക്കൽ പോയിന്റിലെ ജീവനക്കാരനാണ് അദ്ദേഹം. ഒരു മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യുന്നതിനായി തന്റെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ ബാങ്കിങ് ആപ്പ് തുറന്ന് പിൻ നമ്പർ അടിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.
അക്കൗണ്ട് പരിശോധിച്ചപ്പോൾ ആദ്യം ബാലൻസ് പൂജ്യമാണെന്നാണ് കാണിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 10,000 കോടിയിലധികം രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടതായും ഇതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടത്.
ഈ സാങ്കേതിക പ്രശ്നം കാരണം സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി മാറി യുവാവ്. ഉടൻതന്നെ സമീർ ഖാൻ ഈ വിവരം കടയുടമയായ ധീരജ് ശർമ്മയെ അറിയിച്ചു.
ഇരുവരും ചേർന്ന് സിക്കർ സൈബർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനാണ് പൊലീസ് നിർദേശിച്ചത്. തുടർന്ന് ബാങ്ക് അധികൃതരെ സമീപിച്ചപ്പോഴാണ് ഒരു സാങ്കേതിക തകരാറാണ് ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിക്കാൻ കാരണമെന്ന് വ്യക്തമായത്.
പിന്നീട് ബാങ്ക് ഈ സാങ്കേതിക പിഴവ് പരിഹരിക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന യഥാർഥ തുക പുനഃസ്ഥാപിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

