അങ്കമാലി എംസി റോഡിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ വാഹനയാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാകുന്നുവെന്ന് വ്യാപക പരാതി. റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ അപകടാവസ്ഥയിൽ തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
സെൻട്രൽ ജംക്ഷനു സമീപവും ടൗണിന്റെ ചില ഭാഗങ്ങളിലുമുള്ള ചുരുക്കം ചില കുഴികൾ മാത്രം അടച്ച് അധികൃതർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതായി വരുത്തുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. എംസി റോഡിൽ നിന്ന് വിമാനത്താവളത്തിലേക്ക് തിരിയുന്ന പ്രധാന ജംക്ഷനിൽ രൂപപ്പെട്ടിട്ടുള്ള ആഴമേറിയ കുഴികൾ വലിയ അപകട
സാധ്യതയാണ് സൃഷ്ടിക്കുന്നത്. കനത്ത വാഹനത്തിരക്കും മൂന്ന് ഭാഗത്തുനിന്നുമുള്ള വാഹനങ്ങളുടെ പ്രവേശനവും ഈ ഭാഗത്തെ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
മുൻപും നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള ഈ മേഖലയിലെ റോഡ് തകർച്ച ഗൗരവത്തോടെ കാണണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം. നായത്തോട് കവലയിൽ നിന്ന് കാലടി ഭാഗത്തേക്ക് പോകുന്ന എംസി റോഡിലും സമാനമായ രീതിയിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഇരുചക്ര വാഹന യാത്രക്കാരാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ പേറുന്നത്. പെട്ടെന്ന് കുഴികൾ കണ്ണിൽപ്പെടാത്തതിനാൽ ബൈക്ക്, സ്കൂട്ടർ യാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഇവിടെ പതിവാണ്.
രാത്രികാലങ്ങളിലും മഴ സമയങ്ങളിലും കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ഇവയുടെ ആഴം തിരിച്ചറിയാൻ സാധിക്കാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. കുഴികളിൽ വീഴാതിരിക്കാൻ വാഹനങ്ങൾ അവസാന നിമിഷം വെട്ടിക്കുന്നത് മറ്റ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഫോർവീലർ വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുമ്പോൾ സമീപത്തുകൂടി പോകുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും, പിന്നാലെയെത്തുന്ന വാഹനങ്ങൾക്ക് മുന്നിലെ വാഹനത്തിന്റെ പെട്ടെന്നുള്ള ഗതിമാറ്റം മനസ്സിലാക്കാൻ കഴിയാതെ വരുന്നതും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. നേരത്തെ കുഴികൾ അടച്ച അതേ ഭാഗങ്ങളിൽത്തന്നെ വീണ്ടും തകർച്ച ഉണ്ടാകുന്നത് അറ്റകുറ്റപ്പണികളുടെ നിലവാരമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
താൽക്കാലികമായി കുഴികൾ മൂടുന്നതിന് പകരം റോഡ് തകരുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. വൻ ദുരന്തങ്ങൾ ഉണ്ടായതിനുശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യതയുള്ള ഭാഗങ്ങൾ മുൻകൂട്ടി കണ്ടെത്തി അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ട
വകുപ്പുകൾ തയാറാകണമെന്ന് യാത്രക്കാരും നാട്ടുകാരും ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

